19 ലക്ഷം രൂപ ചെലവ്; മരിച്ച് പോയ പ്രിയപ്പെട്ട നായയെ ക്ലോണിങ്ങിലൂടെ പുനർജീവിപ്പിച്ച് ഉടമ

ചൈനയിലെ ഹാങ്ഷൂവിലെ ഒരു സ്ത്രീ തന്റെ മരിച്ചു പോയ നായയെ ക്ലോണിങ്ങിലൂടെ തിരികെ കൊണ്ടുവന്ന് ഉടമ. സൂ എന്ന യുവതിയാണ് ഇതിനായി 19 ലക്ഷം രൂപയോളം ചെലവഴിച്ചത്. 2011 -ലാണ് ജോക്കർ എന്ന പേരുള്ള നായയെ ഇവർ ദത്തെടുത്തത്. ശേഷം നായയുമായി വളരെ വലിയ ആത്മബന്ധമായിരുന്നു സൂവിന് ഉണ്ടായിരുന്നത്. എന്നാൽ, രോഗബാധിതനായി തീർന്ന നായ മരിച്ചു. തന്റെ പ്രിയപ്പെട്ട ജോക്കറിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ നിന്നും മുക്തയാകാൻ കഴിയാതെ വന്നതോടെയാണ് സൂ ക്ലോണിങ്ങിലൂടെ അവനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. 2022 നവംബറിലാണ് ജോക്കർ മരിച്ചത്. രോഗബാധിതനായ നായയ്ക്ക് ഏറ്റവും മികച്ച ചികിത്സ തന്നെ സൂ ഒരുക്കിയിരുന്നെങ്കിലും ഫലം കണ്ടില്ല. നായയുടെ മരണം തന്നെ വളരെയധികം ഒറ്റപ്പെടുത്തി കളഞ്ഞന്നും തന്റെ സുഹൃത്തും സംരക്ഷകനും ഒക്കെയായിരുന്നു ജോക്കർ എന്നുമാണ് യുവതി പറയുന്നത്. ചൈനയിൽ ഏറെ പ്രചാരത്തിലുള്ള വളർത്തുമൃഗ ക്ലോണിങ് വ്യവസായത്തെക്കുറിച്ച് അറിവുണ്ടായിരുന്ന സൂ തന്റെ നായയുടെയും ക്ലോണിംഗ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി നിരവധി വിദഗ്ധരുടെ ഉപദേശം തേടുകയും ഒടുവിൽ 19 ലക്ഷം രൂപ മുടക്കി ക്ലോണിംഗ് നടത്തി. ക്ലോണിംഗിനായി വളർത്തുമൃഗത്തിൽ നിന്ന് ഒരു ചെറിയ ചർമ്മ സാമ്പിൾ ശേഖരിക്കുകയും അതിന്റെ കോശങ്ങൾ വേർതിരിച്ചെടുക്കുകയും അതിനെ മറ്റൊരു മൃഗത്തിൽ നിന്നുള്ള ഒരു അണ്ഡകോശവുമായി ലയിപ്പിച്ച് ഒരു ഭ്രൂണം സൃഷ്ടിക്കുകയും പിന്നീട് അത് ഒരു വാടക അമ്മയിൽ സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. പരീക്ഷണം വിജയം കാണുകയും 2024 -ലെ ചാന്ദ്ര പുതുവർഷത്തിന് തൊട്ടുമുമ്പ്, അവൾ ക്ലോണിംഗ് ‘നായയെ’ സ്വന്തമാക്കി അവന് ലിറ്റിൽ ജോക്കർ എന്ന് പേരിടുകയും ചെയ്തു.
