Kerala

ഡോക്ടറുടെ കുറിപ്പടിയിൽ സിറപ്പ്, കണ്ണൂരിലെ മെഡിക്കൽ ഷോപ്പ് നൽകിയ മരുന്ന് മാറി; കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നം

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട് മാസം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നം. ഡോക്ടർ കുറിച്ച് നൽകിയ മരുന്നിന് പകരം അധിക ഡോസുളള മറ്റൊരു മരുന്നാണ് മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകിയത്. കരളിന്‍റെ പ്രവർത്തനത്തെ ബാധിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുഞ്ഞ്. മെഡിക്കൽ ഷോപ്പിനെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകരയിലെ 20 കാരിക്ക് അസഹനീയ വയറുവേദന, ഗ്യാസ് എന്ന് കരുതി; കണ്ടെത്തിയത് 7.1 കിലോയുള്ള മുഴ, നീക്കി വിശദ വിവരങ്ങൾ പഴയങ്ങാടി സ്വദേശികളുടെ എട്ട് മാസം പ്രായമുളള ആൺകുഞ്ഞിന് പനി ബാധിച്ചാണ് നാട്ടിലെ ക്ലിനിക്കിൽ ചികിത്സ തേടുന്നത്. ഈ മാസം എട്ടാം തിയതിയായിരുന്നു കുഞ്ഞിനെ ക്ലിനിക്കിൽ കാണിച്ചത്. കാൽപോൾ എന്ന സിറപ്പാണ് ഡോക്ടർ കുറിച്ചുനൽകിയത്. എന്നാൽ പഴയങ്ങാടിയിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകിയത് അധിക ഡോസുളള കാൽപോൾ ഡ്രോപ്സ് എന്ന മരുന്നായിരുന്നു. മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുഞ്ഞിന്‍റെ കരളിന്‍റെ പ്രവർത്തനം കുഴപ്പത്തിലായിരുന്നു. കരൾ മാറ്റിവെക്കേണ്ടി വരുമെന്ന് വരെ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ പ്രതീക്ഷ നൽകി ഇന്നലെയോടെ കുട്ടിയുടെ നില മെച്ചപ്പെട്ടു. മരുന്ന് മാറിനൽകിയെന്ന് മെഡിക്കൽ ഷോപ്പ് ജീവനക്കാർ സമ്മതിച്ചെന്ന് കുഞ്ഞിന്‍റെ അച്ഛൻ സമീർ വ്യക്തമാക്കി. ബന്ധുക്കളുടെ പരാതിയിൽ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചെറിയ അളവിൽ ഡോസ് കൂടുന്നതുപോലും കുഞ്ഞുങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കുന്നതിനാൽ കരുതൽ വേണമെന്ന് ഡോക്ടർമാർ ചൂണ്ടികാട്ടി. മരുന്നിലെ മാറ്റങ്ങൾ കുട്ടികളുടെ ആരോഗ്യത്തെ വലിയ തോതിൽ ബാധിച്ചേക്കാമെന്നാണ് കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. നന്ദകുമാർ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button