CrimeNational

ഹോളിയ്ക്ക് ദേഹത്ത് വർണപ്പൊടികൾ എറിയുന്നത് തടഞ്ഞു; 25കാരനെ അതിക്രൂരമായി കൊലപ്പെടുത്തി മൂവർ സംഘം, സംഭവം ജയ്പൂരിൽ

ജയ്പൂർ: ഹോളിയ്ക്ക് മുന്നോടിയായി രാജസ്ഥാനിൽ നടന്ന ആഘോഷത്തിൽ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. മത്സരപരീക്ഷകൾക്കായി തയ്യാറെടുപ്പുകൾ നടത്തുന്ന 25കാരനായ ഹൻസ് രാജ് ആണ് ലൈബ്രറിയിൽ വച്ച് ദാരുണമായി മരണപ്പെട്ടത്. ലൈബ്രറിയിൽ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹൻസ് രാജിന്റെ അടുത്തേക്ക് വർണപ്പൊടികളുമായി എത്തിയതായിരുന്നു 3 പ്രതികൾ. എന്നാൽ തന്റെ ദേഹത്ത് വർണപ്പൊടികൾ വിതറരുതെന്ന് ഹൻസ് രാജ് പറഞ്ഞു. 3 പേരെയും തടഞ്ഞ ഇയാളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.  ബുധനാഴ്ച വൈകുന്നേരത്തോടെ റാൽവാസ് നിവാസികളായ അശോക്, ബബ്ലു, കലുറാം എന്നിവരാണ് ആഘോഷങ്ങൾക്കായി ലൈബ്രറിയിലെത്തിയത്. വർണപ്പൊടികൾ ദേഹത്ത് പൂശുന്നത് തടയാൻ ശ്രമിച്ച ഹൻസ് രാജിനെ മൂവരും ചേർന്ന് ആദ്യം ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തുവെന്നും പിന്നീട് അയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും എഎസ്പി ദിനേശ് അഗർവാൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വ്യാഴാഴ്ച്ച ഹൻസ്രാജിന്റെ മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തി. ഇതിന്റെ ഭാ​ഗമായി  വ്യാഴാഴ്ച പുലർച്ചെ 1 മണി വരെ ദേശീയ പാത ഉപരോധിച്ചു. ഹൻസ്രാജിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി, പ്രതികളായ മൂന്ന് പേരെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് മൃതദേഹം ഒടുവിൽ റോഡിൽ നിന്ന് മാറ്റുകയായിരുന്നു. പ്രതികളായ മൂന്നുപേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹൻസ്രാജിന്റെ കുടുംബം ആവശ്യപ്പെട്ടു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button