Sports

യുവരാജിന്റെ ആറാട്ട്, ഒപ്പം തകർത്തടിച്ച് സച്ചിനും, ബിന്നിയും, ചാമ്പ്യൻസ് ട്രോഫിക്ക് പിന്നാലെ മാസ്റ്റേഴ്സ് ലീഗിലും ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍

റായ്‌പൂർ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് സെമിയില്‍ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ ഫൈനലിത്തിയതിന് പിന്നാലെ മാസ്റ്റേഴ്സ് ലീഗ് ടി20യിലും ഓസ്ട്രേലിയയോട് പ്രതികാരം തീര്‍ത്ത് ഇന്ത്യ ഫൈനലില്‍. ലീഗ് റൗണ്ടില്‍ ഓസ്ട്രേലിയയോട് ഏറ്റ തോല്‍വിക്ക് 94 റണ്‍സിന്‍റെ കൂറ്റൻ ജയത്തോടെ മറുപടി നല്‍കിയാണ് ഇന്ത്യ മാസ്റ്റേഴ്സിന്‍റെ ഫൈനല്‍ പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്സ് ഉയര്‍ത്തിയ 221 റണ്‍സിന്‍റെ വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കം മുതല്‍ അടിതെറ്റിയ ഓസ്ട്രേലിയ മാസ്റ്റേഴ്സ് 18.1 ഓവറില്‍ 126 റണ്‍സിന് ഓള്‍ ഔട്ടായി. 39 റണ്‍സെടുത്ത ബെന്‍ കട്ടിംഗാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. കട്ടിംഗിന് പുറമെ 21 റണ്‍സ് വീതമെടുത്ത ബെന്‍ ഡങ്കും ഷോണ്‍ മാര്‍ഷും നഥാന്‍ റിയര്‍ഡോണും മാത്രമെ ഓസ്ട്രേലിയക്കായി രണ്ടക്കം കടന്നുള്ളു.ഇന്ത്യ മാസ്റ്റേഴ്സിനായി ഷഹബാസ് നദീം നാല് വിക്കറ്റെടുത്തു. ഇന്ന് നടക്കുന്ന ശ്രീലങ്ക മാസ്റ്റേഴ്സ്-വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ് രണ്ടാം സെമിയിലെ വിജയികളാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ മാസ്റ്റേഴ്സിന്‍റെ എതിരാളികള്‍. സ്കോര്‍ ഇന്ത്യ മാസ്റ്റേഴ്സ് 20 ഓവറില്‍ 220-7, ഓസ്ട്രേലിയ മാസ്റ്റേഴ്സ് 18.1 ഓവറില്‍ 126ന് ഓള്‍ ഔട്ട്. വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസ്ട്രേലിയ മാസ്റ്റേഴ്സിന് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റൻ ഷെയ്ൻ വാട്സണെ(5) നഷ്ടമായത് കനത്ത തിരിച്ചടിയായി. വിനയ് കുമാറാണ് വാട്സണെ വീഴ്ത്തിയത്. അഞ്ചാം ഓവറില്‍ പ്രതീക്ഷ നല്‍കിയ ഷോണ്‍ മാര്‍ഷിനെയും(21) വിനയ് കുമാര്‍ തന്നെ വീഴ്ത്തി. ബെന്‍ ഡങ്ക്(12 പന്തില്‍ 21) ഒന്ന് വിറപ്പിച്ചെങ്കിലും നദീമിന്‍റെ സ്പിന്നിന് മുന്നില്‍ വീണു. നഥാന്‍ റിയര്‍ഡോണ്‍(14 പന്തില്‍ 21), ബെന്‍ കട്ടിംഗ്(39) എന്നിവര്‍ മാത്രമാണ് പിന്നീട് ഓസീസ് മാസ്റ്റേഴ്സിനായി പൊരുതിയത്. ഇന്ത്യ മാസ്റ്റേഴ്സിനായി ഷഹബാസ് നദീം 15 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോൾ വിനയ് കുമാറും ഇര്‍ഫാന്‍ പത്താനും രണ്ട് വിക്കറ്റ് വീതമെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്സ് യുവരാജ് സിംഗിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ മികവിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തത്. 30 പന്തില്‍ 59 റണ്‍സെടുത്ത യുവരാജ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സച്ചിൻ 30 പന്തില്‍ 43 റണ്‍സടിച്ചു. നേരിട്ട രണ്ടാം പന്തില്‍ ഡോഹെർട്ടിയെ സിക്സ് അടിച്ചു തുടങ്ങിയ യുവരാജും സച്ചിനും(30 പന്തില്‍ 42) സ്റ്റുവര്‍ട്ട് ബിന്നിയും(21 പന്തില്‍ 36) യൂസഫ് പത്താനും(10 പന്തില്‍ 23), ഇര്‍ഫാന്‍ പത്താനും(7 പന്തില്‍ 19) ചേര്‍ന്ന് ഇന്ത്യയെ 20 ഓവറില്‍ 220ല്‍ എത്തിച്ചു. ഓസ്ട്രേലിയ മാസ്റ്റേഴ്സിനായി ഡോഹെര്‍ട്ടിയും ഡാന്‍ ക്രിസ്റ്റ്യനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button