
കൊട്ടിയം: അക്രമാസക്തനായ പ്രതിയെ വിലങ്ങുവെക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു. എസ്.ഐക്കും സീനിയർ സിവിൽ പൊലീസ് ഓഫിസർക്കും പരുക്കേറ്റു. മോഷണ കേസിലെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെയായിരുന്നു ആക്രമണം. കൊട്ടിയം സ്റ്റേഷനിലെ എസ്.ഐ സോമരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ് ലാൽ എന്നിവർക്കാണു പരുക്കേറ്റത്. പുതുച്ചിറ സ്വദേശി ഗോകുലാണ് ആക്രമിച്ചത്. സന്തോഷ് ലാലിന്റഎ തലക്ക് എട്ട് തുന്നലിട്ടു. എസ്.ഐയുടെയും തലക്കാണ് പരിക്ക്. വ്യാഴാഴ്ച വൈകീട്ട് 3.30ന് ചെറിയേല കുറ്റിമുക്കിന് സമീപത്താിരുന്നു സംഭവം. ഗോകുൽ ബുധനാഴ്ച രാവിലെ മൈലാപ്പൂര് ഭാഗത്തു ഒരു സ്ത്രീയുടെ മൊബൈൽ ഫോണും മാലയും കവർന്നു. കൊട്ടിയം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി ചെറിയേല ഭാഗത്തുണ്ടെന്ന് കണ്ടെത്തി. എസ്.ഐയും സി.പി.ഒയും പ്രതിയെ കസ്റ്റഡിയിലെടുത്ത് ജീപ്പിലേക്കു കയറ്റാൻ ശ്രമിക്കവേയാണ് ആക്രമണം തുടങ്ങിയത്. വിലങ്ങു വച്ചതോടെ പ്രതി വീണ്ടും അക്രമാസക്തനായി പൊലീസ് ഉദ്യോഗസ്ഥരെ വിലങ്ങു കൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുയായിരുന്നു. കൊട്ടിയത്തു നിന്ന് കൂടുതൽ പൊലീസ് സംഘം എത്തി ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി.
