ചെകുത്താൻ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം’; വെളിപ്പെടുത്തി എമ്പുരാൻ പോസ്റ്റർ, ആവേശത്തിരയിൽ ആരാധകർ

എമ്പുരാനോളം കാത്തിരിപ്പ് ഉയർത്തിയൊരു മലയാള സിനിമ സമീപ കാലത്ത് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അത്രത്തോളമുണ്ട് പൃഥ്വിരാജ് എന്ന സംവിധായകനും മോഹൻലാൽ എന്ന നടനും ലൂസിഫർ എന്ന ആദ്യ ഭാഗത്തിലൂടെ സമ്മാനിച്ച ദൃശ്യാനുഭവം. എമ്പുരാൻ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആരാധകരിൽ ആവേശം തീർത്തുകൊണ്ട് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു ഗോപുരത്തിന് മുന്നിൽ നിൽക്കുന്ന ഖുറേഷി എബ്രഹാം എന്ന മോഹൻലാൽ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഒപ്പം കുറിച്ച വാക്കുകളാണ് ആരാധക കണ്ണിൽ ഉടക്കിയിരിക്കുന്നത്. ‘ചെകുത്താൻ ഇതുവരെ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം.. താൻ നിലവിലില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു!’, എന്നാണ് കുറിപ്പ്. അടുത്തിടെ എമ്പുരാൻ റിലീസ് നീട്ടുമെന്ന തരത്തിൽ പ്രചാരങ്ങളുണ്ടായിരുന്നു. ഇതിനുള്ള മറുപടിയാണ് പോസ്റ്റർ വാചകമെന്നാണ് ആരാധകർ പരയുന്നത്. ഇതോടെ നിശ്ചയിച്ച സമയത്ത് തന്നെ എമ്പുരാൻ തിയറ്ററിൽ എത്തുമെന്ന് ഉറപ്പായെന്നും ഇവർ പറയുന്നു. അതേസമയം, പോസ്റ്ററിൽ റിലീസ് ഡേറ്റ് ഉൾപ്പെടുത്താത്തത് ചിലരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുമുണ്ട്. ‘പുതിയ വീട്ടില്‍ കല്യാണം കഴിച്ചുവന്ന ഫീല്‍, ആഗ്രഹം സംവിധാനം’; ചെമ്പനീര്‍പൂവ് അനുഭവങ്ങളുമായി റബേക്ക സന്തോഷ് ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ മാർച്ച് 27ന് ആണ് എമ്പുരാൻ റിലീസ് ചെയ്യുക. പൃഥ്വിരാജ് സംവിധാനം ചെയ്യുനന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപി ആണ്. സ്റ്റീഫൻ നെടുമ്പള്ളി, എബ്രാം ഖുറേഷി എന്നീ മോഹൻലാൽ കഥാപാത്രങ്ങൾ എമ്പുരാനിൽ ഉണ്ടാകും. ഒപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായ് കുമാർ, സുരാജ് വെഞ്ഞാറനമൂട്, ഇന്ദ്രജിത്ത് സുമകുമാരൻ തുടങ്ങിയ മലയാള താരങ്ങൾക്കൊപ്പം ഹോളിവുഡ് ബോളിവുഡ് താരങ്ങളും എമ്പുരാനിൽ അണിനിരക്കുന്നുണ്ട്. എല്ലാം ഒത്തുവന്നാൽ മലയാളത്തിലെ കളക്ഷൻ റെക്കോർഡുകളെ മറികടക്കുന്നതാകും എമ്പുരാൻ എന്നും വിലയിരുത്തലുകളുണ്ട്.
