NationalSpot lightWorld

ഭൂമിയൊക്കെ എത്ര നിസ്സാരം! ശനി പുതിയ ‘മൂൺ കിംഗ്’, കണ്ടെത്തിയത് 128 ഉപഗ്രഹങ്ങള്‍; ആകെ ഉപഗ്രഹങ്ങള്‍ 274

നമ്മുടെ സൗരയൂഥത്തിലെ ‘ശനി’ ആൾ അത്ര നിസ്സാരകാരൻ അല്ല. ശനിയെ പരിക്രമണം ചെയ്യുന്ന 128  ഉപഗ്രഹങ്ങളെ കൂടി കണ്ടെത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞർ. പുതിയ 128 ഉപഗ്രഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞതോടെ ശനിയെ ചുറ്റുന്ന ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 274 ആയി. എന്തുകൊണ്ട് ശനിക്ക് മാത്രം ഇത്രയധികം ഉപഗ്രഹങ്ങളുണ്ടായി എന്ന ചോദ്യം പല കോണിൽ നിന്നും ഉയരുന്നുണ്ട്. ഈ പ്രതിഭാസത്തെക്കുറിച്ചുള്ള അന്വേഷണം സൗരയൂഥത്തിന്‍റെ പരിണാമത്തെക്കുറിച്ചും നിർണായകമായ വിവരം നല്‍കുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ പ്രതീക്ഷ. ശനിക്ക് ആകെ 274 ഉപഗ്രഹങ്ങള്‍ ശനിക്ക് 128 പുതിയ ഉപഗ്രഹങ്ങളെ കൂടി കണ്ടെത്തി എന്ന വിവരം തായ്‌വാനിലെ അക്കാദമിയ സിൻസിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ പോസ്റ്റ്ഡോക്ടറൽ ഫെലോയും പ്രധാന ഗവേഷകനുമായ ഡോ. എഡ്വേർഡ് ആഷ്ടണാണ് ലോകത്തെ അറിയിച്ചത്. ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ ഇനി വ്യാഴം ഈ സംഖ്യകള്‍ക്ക് അടുത്തെത്തുക പോലുമില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുള്ളതായും എഡ്വേർഡ് കൂട്ടിച്ചേര്‍ത്തു. ശനിക്ക് 128 പുതിയ ഉപഗ്രഹങ്ങള്‍ കണ്ടെത്തി എന്ന വിവരം ഇന്‍റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്‍ അംഗീകരിച്ചിട്ടുണ്ട്. ശനിയുടെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 274-ലേക്കെത്തിയതായി നാസയും അറിയിച്ചു. ഇത് സംബന്ധിച്ചുള്ള പഠനം ഉടന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരും.   പുതിയ 128  ഉപഗ്രഹങ്ങളെ കണ്ടെത്തിയതോടെ ശനിയെ ചുറ്റുന്ന ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 274-ലേക്കെത്തി. ‘മൂണ്‍ കിംഗ്’ എന്ന വിശേഷണം പേറിയിരുന്ന വ്യാഴത്തിന്‍റെ മൂന്നിരട്ടിയായി ഇപ്പോള്‍ ശനിയുടെ ഉപഗ്രഹങ്ങളുടെ എണ്ണം. 2024 ഫെബ്രുവരി 5 വരെയുള്ള കണക്കുകള്‍ പ്രകാരം വ്യാഴത്തിന്‍റെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 95 ആണ്. അതായത് ശനിയുടെ ഉപഗ്രഹങ്ങളുടെ എണ്ണം വ്യാഴത്തിന്‍റേതിനേക്കാൾ മൂന്നിരട്ടിയാണ് ഇതെന്ന് അർഥം. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങൾക്ക് ചുറ്റുമുള്ള അറിയപ്പെടുന്ന ആകെ ഉപഗ്രഹങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലുമാണിത്. ഇതോടെ ‘ഉപഗ്രഹങ്ങളുടെ രാജാവാണ് ശനി’ എന്ന് വാഷിംഗ്ടൺ ഡിസിയിലെ കാർണഗീ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സയൻസിലെ ജ്യോതിശാസ്ത്രജ്ഞനും ഈ പഠനങ്ങളുടെ തുടക്കക്കാരനുമായ സ്കോട്ട് ഷെപ്പേർഡ് വിശേഷിപ്പിച്ചു.  സ്കോട്ട് ഷെപ്പേർഡ് നല്‍കിയ സുവര്‍ണ സൂചനകള്‍ ശനിയുടെ എല്ലാ ഉപഗ്രഹങ്ങളും ഭീമാകാരന്‍ വലിപ്പത്തിലുള്ളവയല്ല. 3,475 കിലോമീറ്റർ വ്യാസമുള്ള നമ്മുടെ സ്വന്തം ചന്ദ്രനിൽ നിന്ന് വ്യത്യസ്തമായി, ശനിയെ ചുറ്റുന്ന ഈ ചെറിയ പാറകൾക്ക് ഏതാനും കിലോമീറ്റർ വ്യാസമേ ഉള്ളൂ. ശനിയുടെ പ്രധാന ഉപഗ്രഹങ്ങളായ ടൈറ്റൻ, റിയ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ വിപരീത ദിശയിൽ ആണ് ഈ കുഞ്ഞന്‍മാര്‍ നീങ്ങുന്നത്. ഏറെ വിദൂരമായി പലതും പരിക്രമണം ചെയ്യുകയും ചെയ്യുന്നു.  ശനിയില്‍ ഇപ്പോള്‍ കണ്ടെത്തിയ പുതിയ ചന്ദ്രന്‍മാര്‍ക്ക് പിന്നിലൊരു കഥയുണ്ട്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് സ്കോട്ട് ഷെപ്പേർഡ് നടത്തിയ നിരീക്ഷണങ്ങൾ ഈ ഉപഗ്രഹങ്ങളെ കുറിച്ച് നിര്‍ണായക സൂചനകള്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് നൽകിയിരുന്നു. 2004 മുതൽ 2007 വരെ, ശനിക്കടുത്തുള്ള ബഹിരാകാശ അടയാളങ്ങള്‍ പരിശോധിക്കാൻ അദേഹം ഹവായിയിലെ മൗന കിയയിലുള്ള സുബാരു ടെലിസ്കോപ്പ് ഉപയോഗിച്ചു. ചെറുതും ക്രമഹരിതവുമായ ആ ബഹിരാകാശ പാറകളില്‍ നിന്ന് മങ്ങിയ വെളിച്ചം അദേഹം തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ഭ്രമണപഥങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യാൻ കഴിയാത്തതിനാല്‍ അവയില്‍ പലതും ഉപഗ്രഹങ്ങളാണെന്ന് സ്ഥിരീകരിക്കാൻ അന്ന് അദേഹത്തിന് കഴിഞ്ഞിരുന്നില്ല.  പിന്നീട് സാങ്കേതികവിദ്യകളിലെ പുരോഗതിയും കൂടുതൽ ടെലിസ്കോപ്പുകളില്‍ സമയം അനുവദിച്ചതും ഡോ. എഡ്വേർഡ് ആഷ്ടണിന് സ്കോട്ട് ഷെപ്പേർഡിന്‍റെ കണ്ടെത്തലുകളെ വീണ്ടും പഠന വിധേയമാക്കാൻ കഴിഞ്ഞു. 2019 മുതൽ 2021 വരെ, മൗന കിയയിലെ 3.6 മീറ്റർ കാനഡ ഫ്രാൻസ് ഹവായ് ടെലിസ്കോപ്പ് ഉപയോഗിച്ച് ആഷ്ടൺ ശനിയുടെ 62 പുതിയ ഉപഗ്രഹങ്ങളെ ആദ്യം തിരിച്ചറിഞ്ഞു. 2023ൽ, ദൂരദർശിനിയിൽ അദേഹത്തിന് കൂടുതൽ സമയം ലഭിച്ചതോടെ 128 ചന്ദ്രന്‍മാരുടെ സ്ഥിരീകരണത്തിലേക്ക് കാര്യങ്ങളെത്തി.  ഏത് കൂട്ടിയിടിയുടെ ഫലം?  ശനിയുടേതായി തിരിച്ചറിഞ്ഞ പല ഉപഗ്രഹങ്ങളും കൂട്ടമായി ഭ്രമണം ചെയ്യുന്നതായി കാണുന്നു. മുണ്ടിൽഫാരി ഗ്രൂപ്പിലാണ് ഏറ്റവും കൂടുതൽ ചന്ദ്രന്‍മാര്‍ ഉള്ളത്- ഏകദേശം 100 എണ്ണം. ഈ ക്ലസ്റ്ററിംഗ് സൂചിപ്പിക്കുന്നത് ഓരോ ഗ്രൂപ്പിലെയും ഉപഗ്രഹങ്ങൾക്ക് പൊതുവായ ഒരു ഉത്ഭവമുണ്ടെന്നാണ്, അവ ഒരുപക്ഷേ പത്ത് കിലോമീറ്റർ വ്യാസമുള്ള വലിയ വസ്തുക്കൾ തമ്മിലുള്ള കൂട്ടിയിടികളുടെ ശകലങ്ങളായിരിക്കാം. അങ്ങനെയെങ്കിൽ ആ കൂട്ടിയിടികൾ ശനിയുടെ ഭ്രമണപഥത്തിൽ സംഭവിച്ചിരിക്കാം. അല്ലെങ്കിൽ അവ സൗരയൂഥത്തിലെ മറ്റെവിടെയെങ്കിലും നടന്നിരിക്കാം. അവ ഗുരുത്വാകർഷണബലത്താൽ ശനിയുടെ ഭ്രമണപഥത്തിലേക്ക് വലിച്ചെടുക്കപ്പെട്ടതായിരിക്കാം. എന്നിരുന്നാലും മുണ്ടിൽഫാരി ഗ്രൂപ്പിലെ ചെറിയ ഉപഗ്രഹങ്ങളുടെ എണ്ണം താരതമ്യേന അടുത്തിടെ നടന്ന ഒരു കൂട്ടിയിടിയെയാണ് സൂചിപ്പിക്കുന്നത് .   നിലവിൽ വ്യാഴത്തിന് 95 ഉപഗ്രഹങ്ങൾ എന്നാണ് പറയപ്പെടുന്നത്. യുറാനസിന് ചന്ദ്രന്‍മാര്‍ 28 ഉം, നെപ്റ്റ്യൂണിന് 16 ഉം ഉണ്ട്. അതേസമയം വ്യാഴത്തിന് ഇതിലുമേറെ ഉപഗ്രഹങ്ങള്‍ ഉണ്ടായിരിക്കാം എന്ന ചര്‍ച്ചയും ജ്യോതിശാസ്ത്രജ്ഞര്‍ക്കിടയിലുണ്ട്. വ്യാഴം വലിയ ഗ്രഹമാണെന്നതും ഛിന്നഗ്രഹ വലയത്തോട് അടുത്താണെന്നതും, വ്യാഴത്തിന് ബഹിരാകാശത്ത് പാറിനടക്കുന്ന വസ്തുക്കളെ പിടിച്ചെടുക്കാൻ കൂടുതൽ സാധ്യത നല്‍കുന്നു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button