കുട്ടികളുടെ പന്ത് കിണറ്റിൽ വീണു, എടുക്കാനിറങ്ങിയ 40കാരൻ നിലയില്ലാക്കയത്തിൽ; രക്ഷയായെത്തിയത് അഗ്നി രക്ഷാസേന

മലപ്പുറം: കാവന്നൂർ – ഏലിയാ പറമ്പ് അംഗൻവാടിയുടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ മഞ്ചേരി അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ 60 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് പന്ത് വീഴുകയും, അതെടുക്കാനായി കണ്ണൻ ( 40) കിണറ്റിൽ ഇറങ്ങി തിരിച്ചു കയറുന്നതിനിടെ 20 അടിയോളം ഉയരത്തിൽ നിന്ന് വീഴുകയായിരുന്നു. വീഴ്ചയിൽ ഇയാൾക്ക് എണീറ്റ് നിൽക്കാൻ പോലും ആവാതെ സാരമായി പരിക്കേറ്റിരുന്നു. മഞ്ചേരിയിൽ നിന്ന് അഗ്നി രക്ഷാസേന സ്ഥലത്തെത്തി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ കെ പ്രതീഷ് റോപ്പ് ഉപയോഗിച്ച് ഉടൻതന്നെ കിണറ്റിൽ ഇറങ്ങി. പരിക്കേറ്റു കിടന്ന യുവാവിനെ റെസ്ക്യൂ നെറ്റിൽ സുരക്ഷിതമായി സേനാംഗങ്ങളുടെ സഹായത്തോടെ പുറത്തെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു. മണ്ണിടിഞ്ഞ് ഒരാൾപൊക്കം വെള്ളം നിറഞ്ഞ കിണറ്റിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. രക്ഷാ ദൗത്യത്തിൽ ഫയർ ആൻഡ് റെസ്ക് ഓഫീസർമാരായ സൈനുൽ ഹബിദ്, എം. വി അനൂപ്, അനൂപ് എം, അഖിൽ. ടി, രഞ്ജിത്ത് എസ്. ജി, ഹോം ഗാർഡുമാരായ ഉണ്ണികൃഷ്ണൻ, സുബ്രഹ്മണ്യൻ, ജോജി ജേക്കബ് എന്നിവരും പങ്കെടുത്തു.
