Spot lightWorld

അവസാനം സിസിടിവിയിൽ കണ്ടത് കടലിലേക്ക് നടന്നുപോകുന്നത്’ സുദീക്ഷ മരിച്ചതായി പ്രഖ്യാപിക്കണമെന്ന് അച്ഛനും അമ്മയും

ന്യൂയോര്‍ക്ക്: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കി മരിച്ചതായി പ്രഖ്യാപിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം പൊലീസിന് കത്തയച്ചുവെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ പൗരയും അമേരിക്കയിൽ സ്ഥിര താമസക്കാരിയുമായ 20 കാരിയായ സുദീക്ഷ കൊണങ്കിയെ അവസാനമായി മാർച്ച് 6ന് അവസാനമായി കണ്ടത് പുണ്ട കാന പട്ടണത്തിലെ റിയു റിപ്പബ്ലിക് റിസോർട്ടിലാണ്. തിരോധാനവുമായി ബന്ധപ്പെട്ട് യുഎസ് ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികൾ അന്വേഷണം തുടരുന്നതിനിടെയാണ് കുടുംബം മരണം സ്ഥിരീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചതായുള്ള റിപ്പോര്‍ട്ടുകൾ വരുന്നത്. നേരത്തെ, സുദീക്ഷ കൊണങ്കിയുടേതെന്ന് കരുതുന്ന വസ്ത്രം കടൽതീരത്തുനിന്ന് കണ്ടെത്തിയിരുന്നു. വെളുത്ത നെറ്റഡ് സരോങ്ങും ബീജ് നിറത്തിലുള്ള ഫ്ലിപ്പ്-ഫ്ലോപ്പുകളുമാണ് ലോഞ്ച് ചെയറിൽ നിന്ന് കണ്ടെത്തിയത്. വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതായും അലങ്കോലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സുദീക്ഷ ബിക്കിനി ധരിച്ച് കടലിലിറങ്ങും മുമ്പ് വസ്ത്രങ്ങൾ കസേരയിൽ വെച്ചതാകാമെന്നുമാണ് നിഗമനം. പിറ്റ്സ്ബർഗ് സർവകലാശാലയിലെ വിദ്യാർത്ഥിനിയാണ് സുദീക്ഷ. അഞ്ച് സുഹൃത്തുക്കൾക്കൊപ്പം വിനോദസഞ്ചാരത്തിനാണ് ഇവർ കടപ്പുറത്ത് എത്തിയത്.  അവർ സുഹൃത്തുക്കളോടൊപ്പം ബീച്ചിലേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ ലഭിച്ചിട്ടുണ്ട്. മറ്റുള്ളവർ പിന്നീട് ഹോട്ടലിലേക്ക് മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. മിനസോട്ടയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സീനിയറായ 22 വയസുകാരൻ റഷ്യൻ പൗരനായ ജോഷ്വ റീബിനൊപ്പമാണ് ഇവരെ അവസാനമായി കണ്ടത്.  റീബന്റെ പാസ്പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് കാര്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നും കൂടുതൽ ചോദ്യം ചെയ്യുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്. അഞ്ച് സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു സുദീക്ഷ എത്തിയത്.നേരത്തെ വിപുലമായ തിരച്ചിൽ നടത്തിയിട്ടും, അവളുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഡൊമിനിക്കൻ സിവിൽ ഡിഫൻസ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. കാണാതാകുമ്പോൾ അവർ തവിട്ട് നിറത്തിലുള്ള ബിക്കിനിയാണ് ധരിച്ചിരുന്നത്. 2006 മുതൽ യുഎസിൽ സ്ഥിര താമസക്കാരാണ് സുദീക്ഷയുടെ കുടുംബം.  അതേസമയം, സുദീക്ഷയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് സമ്മതിച്ചാണ് കുടുംബം പൊലീസിന് കത്ത് നൽകിയിരിക്കുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിൽ പറയുന്നത്. കേസ് അന്വേഷണത്തിൽ വിശ്വാസമുണ്ട്. യുവതിയെ ജീവനോടെ കണ്ട അവസാന വ്യക്തിയായ റീബ് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചിട്ടുണ്ട്. തങ്ങളുടെ അഭ്യർത്ഥനയ്ക്ക് ചില നിയമ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് അറിയാം, എന്നാൽ ആവശ്യമായ നടപടിക്രമങ്ങൾ ചെയ്യാനും, രേഖകൾ നൽകാനും തയ്യാറാണെന്നും മാതാപിതാക്കൾ അതേ കത്തിൽ പറഞ്ഞതായി എബിസി ന്യൂസും റിപ്പോർട്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button