Kerala
ദേശീയപാതയിൽ കാർ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി; ഗുരുതരമായി പരിക്കേറ്റ ഡോക്ടർ മരിച്ചു, ഭാര്യ ആശുപത്രിയിൽ

തൃശൂർ: കൊടുങ്ങല്ലൂരിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ ഡോക്ടർ മരിച്ചു. എസ്എൻപുരത്ത് ദേശീയ പാതയിൽ ടോറസ് ലോറിക്ക് പിന്നിൽ കാറിടിച്ചായിരുന്നു അപകടം. കാർ യാത്രക്കാരനായ കൊല്ലം കടപ്പാക്കട, എൻട്ടിവി നഗറിൽ അൽ സാറാ നിവാസിൽ ഡോ.പീറ്റർ (56) ആണ് മരിച്ചത്. എസ് എൻ പുരം പൂവ്വത്തുംകടവ സർവ്വീസ് സഹകരണ ബാങ്കിന് സമീപം ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. തെക്ക് ഭാഗത്തേക്ക് പോയിരുന്ന കാർ മുന്നിൽ പോയിരുന്ന ലോറിക്ക് പിന്നിലാണ് ഇടിച്ചത്. സാരമായി പരുക്കേറ്റ പീറ്ററിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിൻ്റെ ഭാര്യ ഡോ. സൂസനെ പരുക്കുകളോടെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തൃശ്ശൂർ മതിലകം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു
