മുത്തശ്ശിയെ കടിച്ചുകീറിക്കൊന്ന നായയെ തിരികെ വേണം, ഭക്ഷണം പോലും ഇറങ്ങുന്നില്ല, അപേക്ഷയുമായി യുവാവ്

മുത്തശ്ശിയെ കടിച്ചുകീറിക്കൊന്ന നായയെ തിരികെ വേണമെന്ന് കൊച്ചുമകൻ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഹോളി ദിനത്തിൽ 90 വയസ്സുള്ള സ്ത്രീയെ സ്വന്തം വീട്ടിൽ വളർത്തുന്ന ജർമ്മൻ ഷെപ്പേർഡ് നായ കടിച്ചു കൊന്നത് എന്ന് അധികൃതർ പറയുന്നു. സ്ത്രീ മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് വളർത്തുനായയെ തിരികെ നൽകണമെന്ന് ഇവരുടെ കൊച്ചുമകൻ മുനിസിപ്പൽ കോർപ്പറേഷനോട് അപേക്ഷിച്ചത്. നായയെ കൊണ്ടുപോയ ശേഷം വീട്ടിൽ ആർക്കും ഭക്ഷണം പോലും കഴിക്കാൻ സാധിച്ചിട്ടില്ല എന്നും ഇയാൾ പറഞ്ഞു. മാർച്ച് 14 -ന് കാൺപൂരിലെ വികാസ് നഗറിൽ വച്ചാണ് മോഹിനി ത്രിവേദി എന്ന സ്ത്രീ കൊല്ലപ്പെട്ടത്. റിട്ട. കേണൽ കൂടിയായ മകൻ സഞ്ജീവ് ത്രിവേദി, കൊച്ചുമകൻ ധീരു പ്രശാന്ത് ത്രിവേദി, മരുമകൾ കിരൺ എന്നിവർക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. കുടുംബത്തിലെ പെറ്റ് ആയിരുന്നു ഈ ജർമ്മൻ ഷെപ്പേർഡ്. അടുത്തിടെ നായ അക്രമണ സ്വഭാവം കാണിച്ച് തുടങ്ങുകയായിരുന്നു. അവനെ നിയന്ത്രിക്കാനുള്ള ശ്രമത്തിൽ നേരത്തെ ധീരുവിനും കിരണിനും പരിക്കേറ്റതുമാണ്. ഹോളി ദിവസം വൈകുന്നേരം, നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് മോഹിനി ദേവിയെ നായ അക്രമിച്ചത്. ആ അക്രമണത്തെ തുടർന്ന് അവർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അയൽക്കാർ ഉടൻ തന്നെ മുനിസിപ്പൽ കോർപ്പറേഷനെ വിവരമറിയിക്കുകയും രാത്രി വൈകിയോടെ സംഘം നായയെ പിടികൂടുകയുമായിരുന്നു. കാൺപൂർ മുനിസിപ്പൽ കോർപ്പറേഷന് പിന്നീട് ഇവരുടെ കൊച്ചുമകൻ അപേക്ഷ നൽകുകയായിരുന്നു. നായയില്ലാതെ ഭക്ഷണം പോലും ഇറങ്ങുന്നില്ല, നായയെ കൊണ്ടുപോയി എന്ത് അപകടമുണ്ടായാലും താൻ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തോളാം എന്നും ഇയാൾ പറഞ്ഞു. എന്നാൽ, അധികൃതർ നായയെ വിട്ടുകൊടുക്കാൻ തയ്യാറായിട്ടില്ല.
