ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് ഫ്ലാറ്റിലെത്തി, സ്പ്രേ മുഖത്തടിച്ച് ബോധംകെടുത്തിയ ശേഷം 22 കാരിയെ ബലാത്സംഗം ചെയ്തു, യുവതിയുടെ ഫോണിൽ സെൽഫിയെടുത്ത ശേഷം വീണ്ടും വരുമെന്നും ഭീഷണി


പുനെ: പുനെയിലെ റെസിഡൻഷ്യൽ കോളനിയിൽ താമസിക്കുന്ന 22കാരി ബലാത്സംഗത്തിനിരയായി. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഡെലിവറി ഏജന്റാണെന്ന് പറഞ്ഞാണ് കുറ്റകൃത്യം നടത്തിയ ആൾ ബുധനാഴ്ച വൈകീട്ട് 7.30ഓടെ യുവതിയുടെ ഫ്ലാറ്റിലെത്തിയത്. ആ സമയത്ത് യുവതി മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. യുവതിയുടെ സഹോദരൻ എന്തോ ആവശ്യത്തിന് പുറത്തുപോയിരിക്കുകയായിരുന്നു.ഫ്ലാറ്റിലെത്തിയ ആൾ താൻ ഡെലിവറി ഏജന്റാണെന്നും യുവതിക്ക് ബാങ്കിൽ നിന്ന് ഒരു കൊറിയർ അയച്ചിട്ടുണ്ടെന്നും അത് തരാൻ വന്നതാണെന്നും പറഞ്ഞു. കൊറിയർ കൈപ്പറ്റണമെങ്കിൽ യുവതിയുടെ ഒപ്പ് അത്യാവശ്യമാണെന്നും ബോധ്യപ്പെടുത്തി. തന്റെ കൈയിൽ പേനയില്ലെന്ന് യുവതി പറഞ്ഞു. തന്റെ കൈയിലുമില്ലെന്നും ഡെലിവറി ഏജന്റ് പറഞ്ഞു. പേനയെടുക്കാൻ യുവതി കിടപ്പുമുറിയിലേക്ക് പോയപ്പോഴാണ് ഡെലിവറി ഏജന്റ് വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയത്. തുടർന്ന് വീടിന്റെ പ്രധാനവാതിൽ അകത്തുനിന്ന് പൂട്ടി. എതിർക്കാൻ ശ്രമിച്ച യുവതിയുടെ മുഖത്ത് ഇയാൾ കുരുമുളക് സ്പ്രേ അടിച്ചു. തുടർന്ന് ബോധരഹിതയായ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കൃത്യം നടത്തിയതിന് ശേഷം യുവതിയുടെ മൊബൈലിൽ നിന്ന് സെൽഫിയെടുത്ത ഡെലിവറി ഏജന്റ് താൻ ഇനിയും വരുമെന്ന് എഴുതിവെക്കുകയും ചെയ്തു. വിവരം കിട്ടിയതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. സംഭവത്തിൽ ബി.എൻ.എസ് 64, 77 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.