
തിരുവനന്തപുരം: മകന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഷിബു എന്ന ഹരികുമാർ (52) ആണ് മരിച്ചത്. കഴിഞ്ഞ 15 ന് വൈകുന്നേരമായിരുന്നു ഹരികുമാറിന് മർദ്ദനമേറ്റത്. മാതാവിന്‍റെ മൊബൈൽ ഫോൺ മകൻ ആദിത്യ കൃഷ്ണൻ (22) പിടിച്ചു വാങ്ങിയിരുന്നു. ഈ വിവരം മാതാവ് ഹരികുമാറിനെ അറിയിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിനിടെയാണ് 52കാരന് പരിക്കേറ്റത്. ഹരികുമാർ മൊബൈൽ തിരിച്ചു നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന തർക്കമാണ് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇടയ്ക്കിടെ അമ്മയോട് പൈസ ചോദിക്കുകയും ചെയ്യുന്നതും ഉൾപ്പടെ പിതാവ് ചോദ്യം ചെയ്തതോടെ മകൻ അച്ഛന്‍റെ ദേഹത്തേ് പിടിച്ച് തള്ളുകയായിരുന്നു. ഇതോടെ ഹരികുമാർ മുറ്റത്തുണ്ടായിരുന്ന കല്ലിന് മുകളിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഹരികുമാറിന്‍റെ തലയ്ക്ക് ഗുരുതര ക്ഷതമേറ്റിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും തൊട്ടടുത്ത ദിവസം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച്ച പുലർച്ചെ അദ്ദേഹം മരിക്കുകയായിരുന്നു. സംഭവത്തിൽ കിളിമാനൂർ പൊലീസ് ഡോക്ടറോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും തുടർന്ന് ബന്ധുക്കളുടെ മൊഴി എടുക്കുകയും ചെയ്തിരുന്നു. പിന്നീട് മരുമകന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മകനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് വിശദമാക്കുന്നത്. മകനെ അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തു. ആദിത്യ ലഹരി ഉപയോഗിക്കുന്നതടക്കമുള്ള മൊഴികൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
