മദ്യപാനത്തിടയിൽ തർക്കം, 60കാരനെ വിറകിനടിച്ച് കൊലപ്പെടുത്തി 71കാരി, നിർണായകമായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: നേമത്ത് ഹോട്ടൽ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദിൻ്റെ(60) മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന വയോധികയെ നേമം പൊലീസ് അറസ്റ്റുചെയ്തു. നേമം കുളക്കുടിയൂർക്കോണത്ത് മൂന്നുമാസം മുമ്പാണ് വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ അനന്തകൃഷ്ണ പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെത്തുടർന്നുള്ള അന്വേഷണത്തിൽ ദേവസ്വം ബോർഡ് ജീവനക്കാരിയായിരുന്ന അമ്പലപ്പുഴ സ്വദേശിനി ശാന്തകുമാരി(71) യെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഭർത്താവിന്റെ മരണശേഷം ശാന്തകുമാരി ഹോട്ടൽ ജീവനക്കാരനായ അനന്തകൃഷ്ണ പ്രസാദിനൊപ്പം കഴിഞ്ഞ പത്തുവർഷമായി കഴിയുകയായിരുന്നു. കഴിഞ്ഞ ഒക്‌ടോബർ ആറിനാണ് വാടകവീട്ടിൽ അനന്തകൃഷ്ണ പ്രസാദിനെ തലയ്ക്കു പരിക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. അന്ന് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിരുന്നു. പതിവായി മദ്യം കഴിക്കുമായിരുന്ന രണ്ടുപേരും തമ്മിൽ സംഭവദിവസം രാത്രി വഴക്കുണ്ടാവുകയും അനന്തകൃഷ്ണ പ്രസാദ് ശാന്തകുമാരിയെ മർദിക്കുകയും ചെയ്തതാണ് തുടക്കം. ഇതു പ്രതിരോധിക്കാൻ ശാന്തകുമാരി വിറകുകഷണം ഉപയോഗിച്ച് അനന്തകൃഷ്ണ പ്രസാദിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. മരിച്ചത് എങ്ങനെ എന്നറിയില്ലന്നായിരുന്നു ശാന്തകുമാരിയുടെ മൊഴി. ബന്ധുക്കളാരും എത്താത്തതിനാൽ അനന്തകൃഷ്ണ പ്രസാദിന്റെ മൃതദേഹം കോർപ്പറേഷനാണ് ഏറ്റെടുത്തു സംസ്‌കരിച്ചത്. 9 മാസം മുൻപ് വിവാഹം, വഴക്കിന് പിന്നാലെ മാറി താമസിച്ചു, യുവതിയുടെ വീടും വാഹനങ്ങളും കത്തിച്ച് ഭർത്താവ് തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. അയൽവാസികളുടെ ഉൾപ്പടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പൊലീസിൻ്റെ സംശയം ശാന്തകുമാരിയിലേക്ക് നീണ്ടത്. പതിവായി തർക്കമുണ്ടാകുമെന്നും പരസ്പരം മർദ്ദിക്കാറുണ്ടെന്നും സമീപവാസികൾ മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം വാടക വീടൊഴിഞ്ഞുപോയ ശാന്തകുമാരിയെ കണ്ടെത്താൻ തെരച്ചിലാരംഭിച്ചെങ്കിലും ഒരു സ്ഥലത്തും സ്ഥിരമായി നിൽക്കാത്ത ഇവരുടെ രീതികൾ വെല്ലുവിളിയായിരുന്നു. ഒടുവിൽ ബാലരാമപുരത്തിന് സമീപം ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു.
