
അഞ്ചൽ: കൊല്ലം ഏരൂരിൽ അച്ഛനെയും മകളെയും അയൽവാസിയും സംഘവും ചേർന്ന് വെട്ടിപരിക്കേൽപ്പിച്ചു. മണലിൽ സ്വദേശി വേണുഗോപാലൻ നായർ, ആശ എന്നിവർക്കാണ് വെട്ടേറ്റത്. കേസിൽ സുനിൽ, അനീഷ് എന്നിവർ പിടിയിലായി. അസഭ്യം പറഞ്ഞതിന് പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം. പ്രതിയുടെ ഭീഷണി ഉണ്ടായിട്ടും പൊലീസ് അനങ്ങിയില്ലെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം രാത്രിയാണ് മണലിൽ സ്വദേശി വേണുഗോപാലൻ നായരും മകൾ ആശയും വീടിന് സമീപത്ത് വച്ച് ആക്രമിക്കപ്പെട്ടത്. അയൽവാസിയായ ശങ്കു എന്ന് വിളിക്കുന്ന സുനിലും സംഘവും ചേർന്ന് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്കും തോളിനും കൈയ്ക്കും അടക്കം വെട്ടേറ്റു. ജനുവരി 30-ാം തീയതി വീടിന് മുന്നിൽ വന്ന് സുനിൽ കുടുംബത്തെ അസഭ്യം പറഞ്ഞിരുന്നു. ഇയാൾക്കെതിരെ ആശ ഏരൂർ പൊലീസിൽ പരാതി നൽകി.ഈ മാസം ഒന്നാം തീയതിയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസിനെ സമീപിച്ചതിലുള്ള വൈരാഗ്യത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണമെന്ന് കുടുംബം പറയുന്നു. പ്രതിയുടെ ഭീഷണിയുണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതാണ് ആക്രമണം വരെ എത്താൻ കാരണമെന്നും ആശ പറഞ്ഞു. സുനിലിനെയും രണ്ടാം പ്രതിയായ അനീഷിനെയും പൊലീസ് പിടികൂടി. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
