ബൈക്കിലെത്തി മൂവര്‍ സംഘം, യുവതിയോട് 100 രൂപ ചോദിച്ച് തര്‍ക്കമായി; ഇസ്രയേലി യുവതിയടക്കം ബലാത്സംഗത്തിനിരയായി

ബെംഗളൂരു: ഇസ്രയേലിൽ നിന്ന് വന്ന 27 വയസുകാരിയായ ടൂറിസ്റ്റുൾപ്പെടെ രണ്ട് പേർ ബലാത്സംഗത്തിനിരയായതായി കർണാടക പൊലീസ്. വ്യാഴാഴ്ച്ച രാത്രിയോടെയാണ് സംഭവം. ഒരു ഹോം സ്റ്റേയുടെ ഉടമയായ സ്ത്രീയും ബലാത്സംഗത്തിനിരയായി. രാത്രി 11:30 ഓടെ കൊപ്പലിലെ ഒരു കനാലിനടുത്ത് നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെ, മൂന്ന് പുരുഷന്മാർ ചേർന്നാണ് ഇവരെ ബലാത്സംഗം ചെയ്തതത്. കുറ്റകൃത്യത്തിനു മുൻപ് സ്ത്രീകളോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രികരെയും കനാലിലുള്ളിലേക്ക് തള്ളിയിട്ടിരുന്നു. തള്ളിയിട്ടവരിൽ ഒരാൾ അമേരിക്കൻ പൗരനും മറ്റ് രണ്ട് പേർ മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. അതേ സമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി വൈകി അത്താഴം കഴിച്ച ശേഷം താനും നാല് അതിഥികളും തുംഗഭദ്ര കനാലിന്റെ തീരത്ത് ക്ഷത്രനിരീക്ഷണത്തിനായി എത്തിയതാണ് തങ്ങളെന്ന് ഹോംസ്റ്റേ ഉടമയായ യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ബൈക്കിലെത്തിയതായിരുന്നു മൂവര്‍ സംഘം. ബൈക്ക് സഞ്ചാരികളുടെ അടുത്ത് നിര്‍ത്തി പെട്രോൾ എവിടെ നിന്ന് കിട്ടുമെന്ന് ചോദിച്ചു. തുടര്‍ന്ന് ഇസ്രായേലില്‍ നിന്നെത്തിയ യുവതിയോട് 100 രൂപ നല്കാന് ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞപ്പോള്‍ തര്‍ക്കമായി. തുടർന്ന് പ്രതികൾ പുരുഷ യാത്രികരെ ആക്രമിക്കുകയും യുവതികളെ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ഇതിന് ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ , ബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു.
