പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെ 3 മണിക്ക് വൻ തീപിടിത്തം, സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്നവരെ മാറ്റി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് ജില്ലാ ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ മാറ്റി. അരമണിക്കൂറിനുള്ളിൽ തീ പൂര്‍ണമായും അണയ്ക്കാനായതിനാൽ മറ്റു അപകടങ്ങളുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടര്‍ന്ന ഉടനെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. മൂന്നരയോടെ തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു. മുറിയിൽ നിന്ന് തീ ആളിപ്പടര്‍ന്നത് പരിഭ്രാന്തി പരത്തി. ആശുപത്രിയിലെ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുക്കാരും ഉള്‍പ്പെടെ ചേര്‍ന്നാണ് രോഗികളെ മാറ്റിയത്. തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു.
