CrimeKerala

ഒരു പൊതി കഞ്ചാവ് 500, പ്രീബുക്കിംഗ് ഓഫർ 300 രൂപ; കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ടയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡിസ്കൗണ്ട് സെയിലും പ്രീബുക്കിംഗ് ഓഫറും വരെ കഞ്ചാവ് വിതരണത്തിന് ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മുൻകൂർ പണം നൽകുന്നവർക്ക് വിലയിളവിലാണ് ഹോസ്റ്റലിൽ കഞ്ചാവ് വിറ്റത്. ഒരു പൊതി കഞ്ചാവ് 500 രൂപയ്ക്കാണ് വിൽപ്പനയ്ക്ക് വെച്ചത്. കഞ്ചാവ് ക്യാമ്പസിൽ എത്തുന്നതിന് മുൻപ് ബുക്ക് ചെയ്യുന്നവർക്ക് 300 രൂപയ്ക്ക് കഞ്ചാവ് നൽകും എന്നായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചതെന്നും പൊലീസ് കണ്ടെത്തി. പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ പൊലീസിന് നൽകിയ കത്താണ് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് നിർണായകമായത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുനെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിൽ പൊലീസ് റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച ഹോളി ആഘോഷത്തോട് അനുബന്ധിച്ച് മദ്യവും മയക്കുമരുന്നും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും അനിയന്ത്രിതമായി ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്ന് വിവരം ലഭിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ ഈ ആവശ്യത്തിനായി പണപ്പിരിപ് നടത്തുന്നതായി ശ്രദ്ധയിപ്പെട്ടുവെന്നുമാണ് പ്രിൻസിപ്പാൾ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കണമെന്നും പ്രിൻസിപ്പാൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം, കേസില്‍ രണ്ട് പൂർവ വിദ്യാർത്ഥികളെ കൂടി പൊലീസ് ഇന്ന് പിടികൂടി. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും സുഹൃത്ത് ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. ഇന്നലെ അറസ്റ്റിലായവരുടെ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിദ്യാർത്ഥികളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.  കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പൊലീസ് ഇന്നലെ പിടിച്ചെടുത്തത്. സംഭവത്തില്‍ 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. ആദിത്യനെയും അഭിരാജിനെയും ഇന്നലെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. ആകാശ് റിമാന്‍റിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button