
ആലപ്പുഴ: ആലപ്പുഴ എരമല്ലൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. എഴുപുന്ന സ്വദേശി മുഹമ്മദ് ആസിഫ് ആണ് എക്സൈസിന്റെ പിടിയിൽ ആയത്. കഞ്ചാവ് കൈക്കലാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ആണ് യുവാവിനെ കുടുക്കിയത്. അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണം മേഖയിൽ എരമല്ലൂർ ജംഗ്ഷന് സമീപത്താണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന രണ്ടംഗ സംഘത്തിൽ നിന്നും കഞ്ചാവ് പൊതി താഴെ വീഴുന്നു. പിന്നാലെ മറ്റൊരു സ്കൂട്ടറിൽ വന്ന ആസിഫ് എന്ന യുവാവ് ആ പൊതി എടുക്കുന്നു. ഇതൊക്കെയും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഥലത്ത് വച്ച് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നുണ്ട്. ഇതൊക്കെയും ശ്രദ്ധയിൽപെട്ട മറ്റൊരു യുവാവാണ് എക്സൈസിനെ വിവരം അറിയിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച എക്സൈസ് സംഘം യുവാവിനെ പിടികൂടുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്നവർ കഞ്ചാവ് പൊതി തിരികെ ആവശ്യപ്പെട്ടപ്പോൾ പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി ആസിഫ് കഞ്ചാവ് കൈക്കലാക്കുകയായിരുന്നു എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. രണ്ടര കിലോ കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. കഞ്ചാവ് എത്തിച്ച ബൈക്കിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
