Kerala

കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തലയിൽ കലം കുടുങ്ങി; ആശങ്കയുടെ മണിക്കൂറുകൾ, രക്ഷകരായി ഫയര്‍ഫോഴ്സ്

സുൽത്താൻ ബത്തേരി:വയനാട് സുൽത്താൻ ബത്തേരിയിൽ ഒന്നര വയസുകാരിയുടെ തലയിൽ കുടുങ്ങിയ കലം ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഫയര്‍ഫോഴ്സ് പുറത്തെടുത്തു. കളിക്കുന്നതിനിടെയാണ് അബദ്ധത്തിൽ കലം കുട്ടിയുടെ തലയ്ക്കുള്ളിൽ കുടുങ്ങിയത്. സുൽത്താൻ ബത്തേരി മാടക്കര കുളിപ്പുര ഉന്നതയിലെ സുധീഷിന്‍റെ ഒന്നര വയസുള്ള മകള്‍ സൗഗന്ധികയുടെ തലയിലാണ് കലം കുടുങ്ങിയത്. കലം ഊരി മാറ്റാൻ പറ്റാതായതോടെ വീട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. സുൽത്താൻ ബത്തേരി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഓഫീസര്‍ നിധീഷ് കുമാര്‍, അസി. സ്റ്റേഷൻ ഓഫീസര്‍ ഐപ്പ് ടി പൗലോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കലം തലയിൽ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടി പേടിച്ച് കരഞ്ഞിരുന്നു. കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ട് കലത്തിന്‍റെ ഒരു ഭാഗം പതുക്കെ മുറിച്ചു മാറ്റുകയായിരുന്നു. ഇതിനുശേഷമാണ് കലം പുറത്തെടുത്തത്. കലം കുടുങ്ങിയെങ്കിലും കുട്ടിയെ മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ രക്ഷിക്കാനായി.മണിക്കൂറുകളുടെ ആശങ്കക്കൊടുവിൽ ഫയര്‍ഫോഴ്സെത്തി കലം പുറത്തെടുത്തതോടെ വീട്ടുകാര്‍ക്കും കുട്ടിയ്ക്കും ആശ്വാസമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button