കഴിച്ചതിന് ശേഷം ബാക്കി വന്ന കറിയും സാലഡും അടുത്തയാൾക്ക് വിളമ്പി ഹൈദരാബാദിലെ റസ്റ്റോറന്‍റ്; ദൃശ്യങ്ങൾ വൈറല്‍

റസ്റ്റോറന്‍റുകളിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ അല്പമെങ്കിലും ബാക്കി വരുന്നത് സാധാരണം. ആ ഭക്ഷണ സാധനങ്ങൾ ഹോട്ടലുകാര്‍ വീണ്ടും ഉപയോഗിക്കില്ല എന്നാണ് നമ്മുടെ വിശ്വാസം. എന്നാൽ, എല്ലായിടത്തും അത് അങ്ങനെയല്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. ഹൈദരാബാദിലെ ഒരു റസ്റ്റോറന്‍റിൽ നിന്നും ചിത്രീകരിക്കപ്പെട്ട വീഡിയോയിൽ, ഒരു ഉപഭോക്താവ് കഴിച്ച് ശേഷം ബാക്കി വന്ന ഭക്ഷണസാധനങ്ങൾ അടുത്ത ഉപഭോക്താവിന് നൽകുന്നതിനായി എടുത്തു വെക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ‘അമൃത്‌സർ ഹവേലി’ എന്ന റെസ്റ്റോറന്‍റിന്‍റെ ഹൈദരാബാദ് ശാഖയിലാണ് അസുഖകരമായ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ഫുഡ് സേഫ്റ്റി വാർ’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് പങ്കിട്ട വീഡിയോയിൽ ഒരാൾ കഴിച്ചതിന്‍റെ ബാക്കി വന്ന ചട്നിയും സാലഡും മറ്റ് ഉപഭോക്താക്കൾക്ക് നൽകുന്നതിനായി മാറ്റിവെക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്. കൂടാതെ ഹോട്ടലിന്‍റെ വൃത്തിഹീനമായ അവസ്ഥയും വീഡിയോയിൽ കാണാം. സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗത്തിൽ വൈറലായി. പിന്നാലെ രൂക്ഷമായ വിമർശനങ്ങളും രോഷപ്രകടനങ്ങളുമാണ് ഉയർന്നത്. വീഡിയോ ചിത്രീകരിച്ച വ്യക്തി, ഹോട്ടൽ ജീവനക്കാരോട് ഇതേക്കുറിച്ച് ചോദിക്കുമ്പോൾ പലതരത്തിലുള്ള ന്യായീകരണങ്ങൾ അവർ നിരത്തുന്നതും വീഡിയോയിൽ കാണാം. വീഡിയോ ചിത്രീകരിച്ച വ്യക്തിയുടെ ചോദ്യങ്ങൾക്ക് ആദ്യം ജീവനക്കാർ മറുപടി നൽകാൻ തയ്യാറാകാതിരിക്കുകയും പിന്നീട് ഒരാൾ കഴിച്ചതിന്‍റെ ബാക്കി ഭക്ഷണം മറ്റൊരാൾക്ക് നൽകുകയില്ലെന്ന് പറയുന്നതും കാണാം. എന്നാൽ, കൃത്യമായ ചോദ്യം ചെയ്യലിന് ഒടുവിൽ ജീവനക്കാർ തങ്ങളുടെ തെറ്റ് സമ്മതിക്കുന്നു. ‘ഈ പോസ്റ്റ് ഏതെങ്കിലും വ്യക്തിയെയോ ബ്രാൻഡിനെയോ ഓർഗനൈസേഷനെയോ അപകീർത്തിപ്പെടുത്താനോ ഉപദ്രവിക്കാനോ തെറ്റായി പ്രതിനിധീകരിക്കാനോ അല്ലെന്നും. വസ്തുതകൾ സ്വതന്ത്രമായി പരിശോധിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്’ എന്നും വീഡിയോയോടൊപ്പം ചേർത്ത കുറുപ്പിൽ പറയുന്നു. സമൂഹ മാധ്യമത്തില്‍ റസ്റ്റോറന്‍റിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും വീഡിയോയിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയായി റസ്റ്റോറന്‍റ് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘
