KeralaSpot light
അങ്കണവാടിയിൽ 3 വയസുകാരിയുടെ തലയിൽ പാമ്പ് വീണു; കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എറണാകുളം : അങ്കണവാടിയിൽ മൂന്നുവയസുകാരിയുടെ ദേഹത്ത് പാമ്പ് വീണു. തൃക്കാക്കര നഗരസഭയ്ക്ക് കീഴിലുള്ള ഇല്ലത്തുമുകൾ അങ്കണവാടിയിലാണ് സംഭവം. അണലിയാണെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചഭക്ഷണത്തിന് ശേഷം കൈ കഴുകുകയായിരുന്നു കുട്ടി. ഇതിനിടെയാണ് വാഷ്ബേസിന് മുകളിൽ നിന്ന് പാമ്പ് വീണത്. കുട്ടി ഭയന്ന് നിലവിളിച്ചതിനെ തുടർന്നാണ് ജീവനക്കാർ എത്തിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.
സംസ്ഥാനത്തെ നിരവധി വിദ്യാലയങ്ങളിലും അങ്കണവാടികളിലും പാമ്പ് ശല്യം രൂക്ഷമാണ്. കാട് പിടിച്ചുകിടക്കുന്ന സ്കൂൾ പരിസരം തന്നെയാണ് ഇഴജന്തുക്കൾ ഉണ്ടാകാൻ കാരണവും. ഇതിന് കൃത്യമായൊരു നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പോ നഗരസഭാ അധികൃതരോ മുൻകൈയ്യെടുക്കാത്തത് വലിയ വീഴ്ചയാണ്.
