അമിത വേഗത്തിലെത്തിയ ബസ് ബൈക്കിലിടിച്ച് ബിരുദ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്രയില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. പേരാമ്പ്ര ഡിഗ്നിറ്റി കോളേജിലെ രണ്ടാം വര്‍ഷം ബിബിഎ വിദ്യാര്‍ത്ഥി മുഹമ്മദ് ഷാദില്‍ (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പകല്‍ രണ്ടോടെയാണ് പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്ത് വച്ച് അപകടമുണ്ടായത്. ക്ലാസ് കഴിഞ്ഞ്, ചര്‍ച്ചിനടുത്തുള്ള കടയില്‍ നിന്ന് ഭക്ഷണം കഴിച്ച ഷാദില്‍ മുളിയങ്ങല്‍ ഭാഗത്തേക്ക് പോകവേ കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന സേഫ്റ്റി ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഏതാനും മീറ്ററുകള്‍ ബൈക്കിനെ വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നത്. ഉടന്‍ തന്നെ ഓടിയെത്തിയ നാട്ടുകാര്‍ ഷാദിലിനെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
