
മുസൂറി: അമിത വേഗത്തിൽ പാഞ്ഞെത്തിയ ആഡംബര വിമാനം കാൽനടയാത്രക്കാരെയും ഇരു ചക്രവാഹനത്തേയും ഇടിച്ചു തെറിപ്പിച്ചു. മുസൂറി റോഡിൽ നാല് പേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ ചീറിപ്പാഞ്ഞ് പോയ ബെൻസ് കാർ കിലോമീറ്ററുകൾക്ക് അപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. 30കാരനായ മൻഷാറാം, 35കാരനായ രഞ്ജീത്, 40കാരനായ ബൽക്കാരൻ, ദുർഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. അയോധ്യ, ബാരാബങ്കി, ഫൈസാബാദ് സ്വദേശികളാണ് മരിച്ചവർ. സീതാമർഹി, ഹർദോയി സ്വദേശികൾക്കാണ് പരിക്കേറ്റിട്ടുള്ളത്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ചണ്ഡിഗഡ് രജിസ്ട്രേഷനിലുള്ളതാണ് മേഴ്സിഡെസ് ബെൻസ് വാഹനം. അലക്ഷ്യമായി അമിത വേഗത്തിൽ വരുന്ന വാഹനത്തിന്റെ ദൃശ്യം സിസിടിവികളിൽ പതിഞ്ഞിട്ടുണ്ട്. ദില്ലിയിൽ നിന്നാണ് ഈ വാഹനം വാങ്ങിയിട്ടുള്ളത്. കാർ കണ്ടെത്തിയപ്പോഴേയ്ക്കും വാഹനം ഓടിച്ചിരുന്നയാൾ രക്ഷപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡെറാഡൂണിൽ നിന്നുള്ള പ്രത്യേക സംഘം വാഹനത്തിന്റെ വിവരങ്ങളും ഉടമയേയും കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡെറാഡൂണിലെ മുസൂറി റോഡിലായിരുന്നു അപകടം നടന്നത്. രാത്രി എട്ടേകാലോടെ നടന്ന അപകടത്തിന് കാരണമായ ബെൻസ് വാഹനം സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് തിരിച്ചറിഞ്ഞത്. അപകടം നടന്ന സമയത്തായി 11ഓളം വാഹനങ്ങളാണ് മേഖലയിലൂടെ കടന്ന് പോയത്. നാല് കാൽനടയാത്രക്കാരെയും ഒരു സ്കൂട്ടറുമാണ് ബെൻസ് കാർ ഓടിച്ചിരുന്നയാൾ ഇടിച്ച് തെറിപ്പിച്ചത്. വാഹനവുമായി രക്ഷപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് ഇയാൾ വാഹനം ഉപേക്ഷിച്ചതെന്ന വിലയിരുത്തലിലാണ് പൊലീസുള്ളത്. കെട്ടിട നിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവർ
