പതിവ് പോലെ തോട്ടത്തിൽ റബർപാലെടുക്കുന്നതിനിടെ പാഞ്ഞെത്തി കാട്ടുപന്നി, വീട്ടമ്മയെ ആക്രമിച്ചു; ഗുരുതര പരിക്ക്

തിരുവനന്തപുരം: റബർതോട്ടത്തിൽ ജോലി ചെയ്തിരുന്ന വീട്ടമ്മക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. തിരുവനന്തപുരം കള്ളിക്കാട് വ്ലാവെട്ടി , പട്ടേക്കുളം സ്വദേശി വസന്തകുമാരി (68) യെയാണ് ഇന്ന് രാവിലെ കാട്ടുപന്നി ആക്രമിച്ചത്. കൈക്കും കാലിനും പരിക്കേറ്റ ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പതിവ് പോലെ തോട്ടത്തിൽ റബർപാലെടുക്കുന്നതിനിടെ പാഞ്ഞെത്തിയ കാട്ടുപന്നി വസന്തകുമാരിയെ ഇടിച്ചിട്ടശേഷം ഓടിപ്പോകുകയായിരുന്നു. നിലത്ത് വീണ് കരഞ്ഞ ഇവരെ ഒപ്പമുണ്ടായിരുന്നവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കയ്യിലെ അസ്ഥിക്ക് പൊട്ടലുണ്ടായതാണ് വിവരം. കൂടുതൽ പരിശോധന നടത്തിവരികയാണ്. അക്രമകാരികളായ പന്നികളെ കൊന്നൊടുക്കുന്ന ഷൂട്ടർമാർക്കുള്ള ഓണറേറിയം തുക വർദ്ധിപ്പിച്ചു; ഇനി മുതൽ 1500 രൂപ! ഇന്നലെയും പ്രദേശത്ത് കാട്ടുപന്നി വനംവകുപ്പ് താൽക്കാലിക ജീവനക്കാരനെ ആക്രമിച്ചിരുന്നു. നാരകത്തിൻ കുഴിയിലായിരുന്നു അഗസ്ത്യവനം ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരനായ സതീഷ് മോഹനായിരുന്നു ഇന്നലെ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. കള്ളിക്കാട് പഞ്ചായത്തിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപന്നി ആക്രമണത്തിൽ അധികൃതർ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
