
മുംബൈ: സ്വർണം പണയം വെയ്ക്കാൻ എത്തിയ സ്ത്രീയുടെ മുഖത്തുണ്ടായ ഭാവവ്യത്യാസം മനസിലാക്കി ബാങ്ക് മാനേജർ കണ്ടെത്തിയത് വൻ ഓൺലൈൻ തട്ടിപ്പ്. ഒടുവിൽ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴേക്കും ലക്ഷക്കണക്കിന് രൂപ അതിനോടകം തന്നെ സ്ത്രീ തട്ടിപ്പുകാർക്ക് കൈമാറിയിരുന്നു. അവർ ആവശ്യപ്പെട്ടതിനനുസരിച്ച് 15 ലക്ഷം രൂപ കൂടി കൈമാറാനാണ് സ്വർണം പണയം വെയ്ക്കാൻ ബാങ്കിൽ എത്തിയതെന്ന് സർക്കാർ ഉദ്യോഗസ്ഥ കൂടിയായ ഇവർ വെളിപ്പെടുത്തുകയായിരുന്നു. ഒരു വാട്സ്ആപ് കോളാണ് ആദ്യം ഇവരുടെ ഫോണിലേക്ക് ലഭിച്ചത്. നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ച് ചില ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അതിന്മേൽ സിബിഐ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമാണ് വിളിച്ചയാൾ അറിയിച്ചത്. ഒരു വ്യാജ എഫ്ഐആറിന്റെ പകർപ്പ് പിന്നീട് ഇയാൾ വാട്സ്ആപ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ ഇവർ ആരോപണങ്ങൾ നിഷേധിച്ചപ്പോൾ അന്വേഷണത്തിനായി ഇ.ഡി ഓഫീസിൽ എത്താനായി നിർദേശം. എന്നാൽ പിന്നീടും ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം ഇവർ നിഷേധിച്ചു. ഇതിനൊടുവിലാണ് റിസർവ് ബാങ്കിൽ നിന്നുള്ള സ്ഥിരീകരണത്തിനായി പണം അയച്ചുകൊടുക്കാൻ നിർദേശിക്കുന്നത്. നിരപരാധിത്വം തെളിയിക്കാനായിട്ടെന്ന പേരിലായിരുന്നു ഇത്. ഈ പണം തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം. പല ഇടപാടുകളിലായി 13 ലക്ഷം രൂപ ഇവർ കൈമാറി. ഇതിന് ശേഷം ഒരു ദിവസത്തെ സെക്യൂരിറ്റി നിക്ഷേപമായി 15 ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടു. ഈ പണം കണ്ടെത്താനാണ് ബാങ്കിലെത്തി സ്വർണം പണയം വെച്ചത്. ലോൺ പാസായെങ്കിലും ബാങ്ക് മാനേജർ ഇവരുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് കാര്യം അന്വേഷിക്കുകയും സ്ത്രീയോട് പൊലീസിനെ സമീപിക്കാൻ നിർദേശിക്കുകയുമായിരുന്നു. മുംബൈയിലാണ് വൻ തട്ടിപ്പ് നടന്നത്. സ്ത്രീയെ കബളിപ്പിച്ച് ട്രാൻസ്ഫർ ചെയ്ത തുക മുംബൈയിലെ 22കാരനായ ഒരു ഫോട്ടോഗ്രാഫറുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയത്. ഇയാൾക്ക് ചെറിയ തുക നൽകി അക്കൗണ്ട് തട്ടിപ്പുകാർ വാടകയ്ക്ക് എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെയും പിടികൂടിയിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച അക്കൗണ്ട് മരവിപ്പിച്ചു. ഇയാളുടെ അമ്മയെയും നേരത്തെ സമാനമായ കുറ്റത്തിന് ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തതായി നാട്ടുകാർ പറഞ്ഞു.
