ഫോട്ടോയെടുക്കാന്‍ പാറയുടെ മുകളില്‍ കയറിയ യുവാവ് നദിയിലേക്ക് വീണു; മൃതദേഹം കണ്ടെത്തിയത് 20 മണിക്കൂറിന് ശേഷം
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ഒന്നാണ് മഞ്ഞ്. മഞ്ഞുവീഴ്ച അനുഭവിക്കാനും മഞ്ഞിൽ കളിക്കാനും ഒക്കെയായി ആളുകൾ അതിനുപറ്റിയ ഇടങ്ങളിലേക്ക് യാത്ര പോകുന്നതും പതിവാണ്. എന്നാൽ, ഒരു നിമിഷത്തെ അശ്രദ്ധ മാത്രം മതി ഇത്തരം യാത്രകൾ വലിയ ദുരന്തങ്ങള്‍ക്ക് തന്നെ കാരണമാകാൻ എന്ന് സൂചിപ്പിക്കുന്ന നിരവധി സംഭവങ്ങളാണ് സമീപ കാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അടുത്തിടെ നടന്ന ഒരു സംഭവത്തിൽ, ബാർമറിൽ നിന്നുള്ള ഒരു യുവാവ് തന്‍റെ സുഹൃത്തുക്കളോടൊപ്പം മണാലി സന്ദര്‍ശിച്ചു. സന്തോഷകരമായ ആ യാത്ര പെട്ടെന്നാണ് വലിയൊരു ദുരന്തത്തിൽ കലാശിച്ചത്. ഒരു നദിയുടെ തീരത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിന് ഇടയിൽ ആ യുവാവ് കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ബാർമർ സ്വദേശിയായ നിഖിൽ കുമാർ എന്ന ചെറുപ്പക്കാരൻ ആയിരുന്നു നദിയിലേക്ക് വീണ് ജീവന്‍ നഷ്ടപ്പെട്ടത്.
യാത്രക്കിടയിൽ 28 കാരനായ നിഖിൽ ഒരു ഫോട്ടോ എടുക്കാൻ ചന്ദ്ര നദിയുടെ തീരത്തുള്ള ഒരു പാറയിൽ കയറിയതായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടെ മഞ്ഞ് വീണ പാറയിൽ നിന്നും ഇയാള്‍ പെട്ടെന്ന് കാൽ വഴുതി നദിയിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷപ്പെടുത്താനായി ഓടി അടുത്തപ്പോഴേക്കും നിഖിൽ അതിശക്തമായി കുത്തിയൊഴുകുന്ന നദിയില്‍ അകപ്പെട്ടിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ റെസ്ക്യൂ ടീമിന്‍റെ സഹായത്തോടെ നിഖിലിനായി ചന്ദ്രാ നദിയിൽ തിരച്ചിൽ നടത്തി. പക്ഷേ നിഖിലിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 20 മണിക്കൂറുകൾക്ക് ശേഷമാണ് സംഭവ സ്ഥലത്ത് നിന്ന് 500 മീറ്റർ അകലെ നിഖിലിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദാരുണമായ ഈ അപകടം സംഭവിക്കുന്നതിന് തൊട്ടുമുമ്പ് സുഹൃത്തുക്കൾ പകർത്തിയ നിഖിലിന്‍റെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നൊമ്പരക്കാഴ്ചയാവുകയാണ്.