പെണ്‍സുഹൃത്ത് ഫോണ്‍ എടുത്തില്ല, ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതിയും വിഛേദിച്ച് യുവാവ്; വൈറലായ വീഡിയോക്ക് പിന്നിലെ സത്യാവസ്ഥയെന്ത്

ന്യൂഡല്‍ഹി: ഫോണ്‍ വിളിച്ചിട്ട് പെണ്‍ സുഹൃത്ത് എടുക്കാതെ അവഗണിച്ചതിന് യുവാവ് ഗ്രാമത്തിലെ മുഴുവന്‍ വൈദ്യൂതിയും വിച്‌ഛേദിച്ചോ? ഇങ്ങനെയൊരു വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ക്യാപ്ഷനോടെയാണ് വൈദ്യുതി തൂണിന് മുകളില്‍ കട്ടിങ് പ്ലെയറും പിടിച്ച് നില്‍ക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിമിഷ നേരം കൊണ്ട് നിരവധിയാളുകള്‍ വീഡിയോ പങ്കുവെച്ചു. പെണ്‍ സുഹൃത്ത് ഫോണ്‍ എടുക്കാത്തതിനാണ് യുവാവ് ഇങ്ങനെ ചെയ്തത് എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തു. ചിലര്‍ സംഭവം ബിഹാറിലാണെന്നും ചിലരിത് ഉത്തര്‍പ്രദേശില്‍ നടന്നതാണെന്ന രീതിയിലുമാണ് വിഡിയോ പങ്കുവെക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ ഇതൊന്നുമല്ല. വാര്‍ത്തകളും വീഡിയോകളും അടിസ്ഥാനരഹിതമാണെന്നാണ് ഇന്ത്യ ടുഡേയുടെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തിയത്. ‘ടെക്‌നിക്കല്‍ വര്‍ക്ക്’ എന്ന യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണിത്. ഇലക്ട്രിക്കല്‍ റിപ്പയര്‍ വര്‍ക്കുമായി ബന്ധപ്പെട്ട് വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന യൂട്യൂബ് ചാനലാണ് ‘ടെക്‌നിക്കല്‍ വര്‍ക്ക്’. ചാനലിലെ മിക്ക വീഡിയോകളും ടെക്‌നീഷ്യന്‍മാര്‍ ഇലക്ട്രിക് പോസ്റ്റിനും ഇല്ക്ട്രിക് പോള്‍സിനും മുകളില്‍ നിന്ന് ജോലി ചെയ്യുന്ന രീതിയിലുള്ളതാണ്. ജാഹിദുല്‍ എന്നയാളുടെതാണ് ഈ ചാനല്‍. വിഡിയോയില്‍ കാണുന്ന യുവാവ് ജാഹിദുലിന്റെ സുഹൃത്ത് അന്‍വറാണ്. അസാമിലെ ഗ്രാമത്തിലെ പഴയ വയറുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതാണ് വിഡിയോ. ജൂണിലാണ് വീഡിയോ ചാനലില്‍ പോസ്റ്റ് ചെയ്തത്. ഈ വിഡിയോയാണ് ചിലര്‍ തെറ്റായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. വിഡിയോ വൈറലായതിന് പിന്നാലെ അന്‍വര്‍ വളരെ വിഷമത്തിലാണ്. ഈ വിഷയത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വിവാഹം വേര്‍പിരിയലിന്റെ വക്കിലാണ്. അന്‍വറും സുഹൃത്തുക്കളും ചേര്‍ന്ന് വിഡിയോ തള്ളി രംഗത്തെത്തിയിരുന്നെങ്കിലും ആദ്യം പ്രചരിച്ച വിഡിയോ വലിയ രീതിയില്‍ വൈറലായതിനാല്‍ സ്വീകാര്യത ലഭിച്ചില്ല. റീച്ചിന് വേണ്ടി തെറ്റായ വീഡിയോ പങ്കുവെച്ചതാണെന്നാണ് ഇന്ത്യ ടുഡേയുടെ കണ്ടെത്തല്‍.
