Kerala
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുകയറി യുവാവ് മരിച്ചു; സുഹൃത്തിന് പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. സംഭവത്തിൽ ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. വിഴിഞ്ഞം ചപ്പാത്ത് ശീവക്കിഴങ്ങുവിള ലക്ഷം വീട് കോളനിയിൽ അജിഷ് കുമാറിന്റെയും ഖദീജ ബീബിയുടെയും മകൻ ശ്യാം (25) ആണ് മരിച്ചത്. സുഹൃത്ത് മിഥുനെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ ഉച്ചക്കട -പുളിങ്കുടി റോഡിൽ നെട്ടത്താന്നിയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് പരിക്കേറ്റ ശ്യാമിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരം മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അനുജൻ ഷിബിൻ . വിഴിഞ്ഞം പൊലീസ് കേസെടുത്തു.
