വിയ്യൂര്‍ ജയിലിന് മുന്നിൽ കറങ്ങി നടന്ന് യുവാവ്, എത്തിയത് തടവുകാരനായ സുഹൃത്തിന് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുക്കാൻ

തൃശൂര്‍: ജയിലിലേക്ക് ലഹരി പൊതി എറിയാനെത്തിയ യുവാവ് കുടുങ്ങി. വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ കഴിയുന്ന സുഹൃത്തിന് മയക്കുമരുന്ന് മതിലിന് മുകളിലൂടെ എറിഞ്ഞുകൊടുക്കാന്‍ വേണ്ടി എത്തിയ യുവാവാണ് അറസ്റ്റിലായത്. തിരുവന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായി വിഷ്ണു (32) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. ജയില്‍ കവാടം സുരക്ഷാ ജീവനക്കാരായ ഇന്ത്യന്‍ റിസര്‍വ് ബാച്ച് പോലീസ് സേനംഗങ്ങള്‍ ആണ് യുവാവിനെ കൈയോടെ പിടികൂടിയത്. പല തവണ വിവിധ കേസുകളില്‍പ്പെട്ട് തടവില്‍ കഴിഞ്ഞയാളാണ് വിഷ്ണു. ജയില്‍ പരിസരത്ത് ലഹരി പൊതിയുമായി പതുങ്ങിയിരുന്ന വിഷ്ണുവിനെ ജയില്‍ പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ മുന്നില്‍ പെടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ കഴിയാത്തതുമൂലം കള്ളം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവീണു. മലവിസര്‍ജനം നടത്താനാണ് ജയില്‍ പരിസരത്തെ കുറ്റിക്കാട്ടിനിടയിൽ കയറിയതെന്നും തടവില്‍ കഴിയുന്ന സുഹൃത്തിനെ കാണന്‍ വന്നതാണ് എന്നും പറഞ്ഞായിരുന്നു രക്ഷപ്പെടാന്‍ ശ്രമിച്ചത്. സംശയം തോന്നിയ പൊലീസ് സംഘം ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോള്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് ബീഡി കണ്ടെത്തുകയായിരുന്നു. മുമ്പും നിരവധി തവണ ജയിലിന്റെ മതിലിന്റെ മുകളിലൂടെ ബീഡി അടക്കമുള്ളവ എറിഞ്ഞ് കൊടുത്തിട്ടുള്ളതായി ചോദ്യം ചെയ്തപ്പോള്‍ യുവാവ് സമ്മതിച്ചു. പിടിയിലാകുന്ന സമയത്ത് വിഷണു മദ്യലഹരിയില്‍ ആയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ജയിലിലെ തടവുകാരന് ബിഡി അടക്കമുള്ള സാധനങ്ങള്‍ സെല്ലില്‍ എത്തിച്ച് നല്കിയ ജയില്‍ വാര്ഡന് തന്നെ പിടിയില്‍ ആയിരുന്നു. ഇത്തരം സാധനങ്ങൾ എത്തിക്കുന്നത് ചില ജയില്‍ ജീവനക്കാരുടെ സഹായത്താല്‍ ആണന്നെുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
