
മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുപിയില്‍ യുവാവിനെ നഗ്നനാക്കി ബെല്‍റ്റ് കൊണ്ട് മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉത്തർപ്രദേശിലെ ദേവോറിയ നഗരത്തിലാണ് സംഭവം. പ്രിയാൻഷു സിംഗ് എന്ന ആളുടെ സുഹൃത്തുക്കളാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടതിന് ശേഷം സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വീഡിയോയ്ക്ക് ഒപ്പം ഹിന്ദിയില്‍, ‘ഞങ്ങൾ, തിരിച്ച് വന്നിരിക്കുന്നു, ഞങ്ങളുടെ ശൈലിയില്‍ തന്നെ. ജനങ്ങൾ ഞങ്ങളെ മറന്നിരിക്കുകയായിരുന്നു’ എന്ന് എഴുതിയിരുന്നു. വീഡിയോയില്‍ ഒരു കോണ്‍ക്രീറ്റ് ബഞ്ചില്‍ അർദ്ധനഗ്നനായി കമഴ്ന്ന് കിടക്കുന്ന ഒരാളെയും അയാളുടെ മുഖത്ത് കയറി ഇരിക്കുന്ന ആളെയും കാണാം. മറ്റൊരാൾ വീഡിയോ പകര്‍ത്തിക്കൊണ്ട് ബെല്‍റ്റ് കൊണ്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം. ദേവോറിയയിലെ സലേംപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും നടപടി ആവശ്യം ഉയരുകയും ചെയ്തു. \ pic.twitter.com/HTnvtQlmRF — News1India (@News1IndiaTweet)
ഇതിന് പിന്നാലെ ദേവോറിയയിലെ സലേംപൂരിലെ ഹരിയ വാർഡ് നമ്പർ 5 -ൽ താമസിക്കുന്ന അശോക് ലാൽ ശ്രീവാസ്തവയുടെ മകൻ രോഹിത് ശ്രീവാസ്തവയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മെയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദെഹ്രി സ്വദേശിയായ ധനഞ്ജയ് സിങ്ങിന്‍റെ മകൻ പ്രിയാൻഷു സിംഗ് എന്നയാളെ തിരിച്ചറിഞ്ഞെന്നും ഇയാൾക്ക് വേണ്ടി ഊര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഇടക്കാലത്ത് ഉത്തരേന്ത്യയില്‍ ശക്തമായിരുന്ന, ആൾക്കൂട്ട വിചാരണ വീണ്ടും ആരംഭിച്ചോയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിച്ചു.
