ദില്ലിയിൽ പാർലമെൻ്റിന് മുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
ദില്ലി: രാജ്യതലസ്ഥാനത്ത് പുതിയ പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി ജിതേന്ദ്ര (26) യാണ് മരിച്ചത്. ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. ദില്ലിയിലെ ആർഎംഎൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ നാട്ടിൽ നിന്നും പെട്രോളുമായി ദില്ലിയിലെത്തിയ ജിതേന്ദ്ര നേരെ പാർലമെൻ്റ് മന്ദിരത്തിലേക്ക് വന്നുവെന്നാണ് വിവരം. വൈകീട്ട് മൂന്നരയ്ക്കാണ് പാർലമെന്‍റ് മന്ദിരത്തിന് മുന്നിലെ റോഡിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി പാർലമെന്റിന് മുന്നിലേക്ക് ഓടി വരികയായിരുന്നു. പാർലമെന്റിന് സമീപമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നനഞ്ഞ തുണി ദേഹത്തേക്കിട്ട് തീ അണച്ചു. പൊലീസ് വാഹനത്തില്‍ ആര്‍എംഎല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുപിയിലെ ബാഗ്പത് സ്വദേശിയാണ് ജിതേന്ദ്ര കുമാര്‍. ഉത്തർ പ്രദേശ് പോലീസ് തനിക്കെതിരെ രജിസ്റ്റർ കേസുകളിൽ കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നാണ് ആശുപത്രിയിലെത്തിയ ദില്ലി പൊലീസിന് ഇദ്ദേഹം നൽകിയ മരണമൊഴി. 2021 ൽ ബാഗ്പത്തിൽ രജിസ്റ്റർ ചെയ്ത 3 കേസുകളിൽ ജിതേന്ദ്ര പ്രതിയാണെന്ന് ദില്ലി പോലീസ് സ്ഥിരീകരിച്ചു.