കയാക്കിംഗിന് കടലിൽ ഇറങ്ങിയ യുവാവിനെ വായിലാക്കി തിമിംഗലം, അത്ഭുത രക്ഷപ്പെടൽ, സംഭവം ചിലിയിൽ

സാന്റിയാഗോ: കയാക്കിംഗിന് ഇറങ്ങിയ യുവാവിനെ അൽപ നേരത്തേക്ക് വിഴുങ്ങി കൂറ്റൻ തിമിംഗലം. ജലോപരിതലത്തിലേക്ക് ഉയർന്ന് പൊന്തിയ കൂനൻ തിമിംഗലത്തിന്റെ വായ്ക്കുള്ളിൽ കടലിൽ കയാക്കിംഗിന് ഇറങ്ങിയ യുവാവ് ഉൾപ്പെടുകയായിരുന്നു. ചിലെയിലെ പന്ത അരീനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒപ്പം മറ്റൊരു കയാക്കിലുണ്ടായിരുന്നവർ യുവാവിന്റെ വീഡിയോ എടുക്കുന്നതിനിടയിലായിരുന്നു നടുക്കുന്ന സംഭവം. ശനിയാഴ്ചയാണ് അഡ്രിയാൻ സിമാൻകാസ് എന്ന യുവാവ് തിമിംഗലത്തിന്റെ വായിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതെന്നാണ് അന്തർദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിലെയിലെ മഗല്ലെൻ ഉൾക്കടലിൽ സാൻ ഇസിഡ്രോ ലൈറ്റ് ഹൌസിന് സമീപത്തായാണ് അഡ്രിയാനും പിതാവ് ഡെല്ലും കയാക്കിംഗിന് പോയത്. പെട്ടന്ന് ജലോപരിതലത്തിലേക്ക് എത്തിയ കൂനൻ തിമിംഗലത്തിന്റെ വായിൽ യുവാവും യുവാവിന്റെ മഞ്ഞ നിറത്തിലുള്ള കയാക്കും കുടുങ്ങുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ തിമിംഗലം യുവാവിനേയും കയാക്കിനേയും പുറത്തേക്ക് വിടുകയായിരുന്നു. മകനോട് സമാധാനമായിരിക്കാൻ ആവശ്യപ്പെടുന്ന പിതാവിന്റെ ശബ്ദം അടക്കം ഉൾപ്പെടുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. മരിച്ചുപോയെന്ന് കരുതിയെന്നാണ് അഡ്രിയാൻ അത്ഭുത രക്ഷപ്പെടലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.
തിമിംഗലം ആഹാരമാക്കുമോയെന്ന ഭീതിയാണ് ആ നിമിഷങ്ങളിൽ തോന്നിയതെന്നും യുവാവ് പ്രതികരിക്കുന്നത്. മകൻ പുറത്ത് വരുന്നത് വരെ തൽസ്ഥാനത്ത് തുടർന്ന് വീഡിയോ ചിത്രീകരിച്ചത് പിതാവ് തന്നെയായിരുന്നു. സാന്റിയാഗോയിൽ നിന്ന് 3000 കിലോമീറ്ററിലേറെ ദൂരെയാണ് മഗെല്ലൻ കടലിടുക്ക്. കടലിലെ സാഹസിക വിനോദങ്ങൾക്ക് ഇവിടം ഏറെ ശ്രദ്ധേയമാണ്. ചിലെയിലെ മറ്റ് മേഖലകൾ ചൂടേറുമ്പോഴും ഇവിടെ തണുപ്പ് ലഭിക്കുന്ന മേഖലയായതിനാൽ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും നിരവധി സാഹസിക പ്രിയരാണ് മേഖലയിലെത്തുന്നത്.
