KeralaSpot light

കീടനാശിനി അനുവദനീയമായ പരിധിക്ക് മുകളിൽ,പതഞ്ജലി തിരിച്ചുവിളിച്ചത് 4 ടൺ മുളകുപൊടി; വാങ്ങിയവർ തിരിച്ചു നൽകണം

ബാബ രാംദേവിൻ്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്‌സ്  ലിമിറ്റഡ് തിരിച്ചുവിളിച്ചത് 4 ടൺ മുളകുപൊടി. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പതഞ്ജലി ഉത്പാദിപ്പിച്ച ബാച്ച് നമ്പർ – AJD2400012-ൻ്റെ മുഴുവൻ ഉത്പന്നങ്ങളും തിരിച്ചുവിളിക്കാൻ  എഫ്എസ്എസ്എഐ നിർദേശിച്ചിരുന്നു. പതഞ്ജലിയുടെ മുളക് പൊടിയുടെ സാമ്പിൾ പരിശോധിച്ചപ്പോൾ കീടനാശിനി അനുവദനീയമായ പരിധിക്ക് മുകളിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഉൽപ്പന്നം വാങ്ങിയ ഉപഭോക്താക്കളോട് എവിടുന്നാണോ ഉൽപ്പന്നം വാങ്ങിയത് ആ സ്ഥലത്തേക്ക് തിരികെ നൽകണമെന്ന് പതഞ്ജലി ആവശ്യപ്പെട്ടിട്ടുണ്ട്.   ഉപഭോക്തൃ വിശ്വാസവും ഉൽപ്പന്ന ഗുണനിലവാരവും നിലനിർത്തുന്നതിന് ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കേണ്ടത് പ്രധാനമായ ഒരു കാര്യമാണ്. ഇത് മുൻനിർത്തിയാണ് ഈ നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു. ബാബ രാംദേവിൻ്റെ നേതൃത്വത്തിലുള്ള പതഞ്ജലി 1986-ലാണ് സ്ഥാപിതമായത്. പതഞ്ജലി ഫുഡ്സ് നിലവിൽ ഇന്ത്യയിലെ മുൻനിര എഫ്എംസിജി കമ്പനികളിൽ ഒന്നാണ്. സെപ്തംബർ പാദത്തിൽ പതഞ്ജലി ഫുഡ്‌സിൻ്റെ അറ്റാദായം 21 ശതമാനം വർധിച്ച് 308.97 കോടി രൂപയായിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ 254.53 കോടി രൂപയായിരുന്നു അറ്റാദായം. ഈ സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ മൊത്തം വരുമാനം 7,845.79 കോടി രൂപയിൽ നിന്ന് 8,198.52 കോടി രൂപയായി ഉയർന്നു. മുൻപ് നിരവധി ആരോപണങ്ങൾ പതഞ്ജലിക്ക് എതിരെ ഉണ്ടായിരുന്നു. പതഞ്ജലി വെജിറ്റേറിയൻ എന്ന പേരിൽ വിപണനം ചെയ്യുന്ന ആയുർവേദിക് പൽപ്പൊടിയായ ‘ദിവ്യ മഞ്ജൻ’ എന്ന ഉൽപ്പന്നത്തിൽ മത്സ്യത്തിന്റെ സത്ത് അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് ഒരു ഉപഭോക്താവ് പരാതി നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button