
ആലപ്പുഴ: അജി കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ജഡ്ജി റോയ് വർഗീസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതിയായ അണ്ണാച്ചി ഫൈസൽ എന്ന് വിളിക്കുന്ന ഫൈസൽ (34) നിരവധി കേസുകളില്‍ പ്രതിയാണ്. മുല്ലക്കൽ ആൽത്തറ ഗണപതി ക്ഷേത്രത്തിന് സമീപം പൂക്കച്ചവടക്കാരനായിരുന്ന ചാത്തനാട് സ്വദേശി അജി ( 45) യെ ഫൈസല്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ സ്ഥിരം പൂക്കടയില്‍ എത്താറുണ്ടായിരുന്നു. മദ്യപിക്കാന്‍ പണം ചോദിച്ചപ്പോള്‍ അജി കൊടുത്തില്ല. അതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ഫൈസല്‍ അജിയെ മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 2017 ജൂണ്‍ 28 നാണ് ഈ സംഭവം നടന്നത്. കുത്തേറ്റ് ചികിത്സയിലായിരുന്ന അജി പിന്നീട് മരിച്ചു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
