നടൻ ദിലീപ് ശങ്കർ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ വാൻറോസ് ജംഗ്ഷനിലെഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം വ്യക്തമായിട്ടില്ല.
രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. സീരിയൽ ഷൂട്ടിന്‍റെ ഭാഗമായാണ് ദിലീപ് ശങ്കർ തിരുവനന്തപുരത്തെത്തിയത്. ഷൂട്ടിങ്ങിന് ബ്രേക്ക് വന്നതിനാൽ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു.
എന്നാൽ, ഇന്ന് വീണ്ടും ഷൂട്ടിങ് തുടങ്ങിയപ്പോൾ നടനെ ബന്ധപ്പെടാൻ സാധിച്ചില്ലെന്ന് സീരിയൽ അണിയറ പ്രവർത്തകർ പറഞ്ഞു. തുടർന്ന് ഹോട്ടലിൽ തിരക്കിയെത്തുകയായിരുന്നു.
മുറിയിൽ നിന്ന് ദുർഗന്ധം വരുന്നതായി ശ്രദ്ധയിൽപെട്ടതോടെ ജീവനക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
നോർത്ത് 24 കാതം, ചാപ്പാ കുരിശ് തുടങ്ങി നിരവധി സിനിമകളിലും അമ്മയറിയാതെ, പഞ്ചാഗ്നി തുടങ്ങി നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.