ജനിച്ചതിന് പിന്നാലെ കഴുത്തറുത്ത് ചവറ്റ് കൂനയിൽ തള്ളി മുത്തശ്ശി, തോൽക്കാൻ തയ്യാറാകാതെ ‘പിഹു’, അത്ഭുത രക്ഷപ്പെടൽ

ഭോപ്പാൽ: പെൺകുഞ്ഞിനെ വേണ്ട, കഴുത്തറുത്ത് ചവറ്റുകൂനയിൽ തള്ളിയ നവജാത ശിശുവിന് അത്ഭുത രക്ഷപ്പെടൽ. മധ്യപ്രദേശിലെ രാജ്ഗഡിൽ കഴുത്ത് അറുത്ത നിലയിൽ കണ്ടെത്തിയ നവജാത ശിശു ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ജനുവരി 11നാണ് രാജ്ഗഡിലെ ചവറ് കൂനയിൽ രക്തത്തിൽ കുളിച്ച നിലയിൽ നവജാത ശിശുവിനെ വഴിയാത്രക്കാർ കണ്ടെത്തിയത്. പൊലീസുകാരെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കുട്ടിയെ ഭോപ്പാലിലേക്കും കുട്ടിയെ മാറ്റുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മയും മുത്തശ്ശിയും അറസ്റ്റിലായിരുന്നു. ഭോപ്പാലിലെ കമല നെഹ്റു ആശുപത്രിയിൽ ഒരു മാസം നീണ്ട ചികിത്സയ്ക്ക് ശേഷം നവജാത ശിശു പൂർണ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു. കുഞ്ഞിന് ആശുപത്രി അധികൃതർ പിഹു എന്ന് പേര് നൽകിയിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റെങ്കിലും നിർണായക ധമനികൾക്ക് പരിക്ക് സംഭവിക്കാതിരുന്നതാണ് പിഞ്ചുകുഞ്ഞിന് രക്ഷയ്ക്ക് കാരണമായത്. പരിക്കേറ്റ ഭാഗത്ത് നിരവധി ശസ്ത്രക്രിയകളാണ് പിഹുവിന് ചെയ്യേണ്ടി വന്നത്. വെള്ളിയാഴ്ച പിഹു ആശുപത്രി വിട്ടു. രാജ്ഗഡിലെ അഭയ കേന്ദ്രത്തിലേക്കാണ് കുഞ്ഞിനെ കൈമാറിയിട്ടുള്ളത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിലെ സമാനമായ രീതിയിലെ മൂന്നാമത്തെ സംഭവമാണ് ഇതെന്നാണ് കമല നെഹ്റു ആശുപത്രി മേധാവി വിശദമാക്കി. കഴിഞ്ഞ നാല് വർഷത്തിനിടയിൽ രാജ്യത്ത് ഏറ്റവുമധികം നവജാത ശിശുക്കളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. രണ്ട് ദിവസം കൂടുമ്പോൾ ഒരു നവജാത ശിശുവിനെ ഉപേക്ഷിക്കുന്ന അവസ്ഥയാണ് നിലവിൽ മധ്യപ്രദേശിലുള്ളത്. ഇതിൽ ഏറിയ പങ്കും കുഞ്ഞുങ്ങളും നായ്ക്കളും മറ്റ് മൃഗങ്ങളും കടിച്ച് കൊന്ന നിലയിലാണ് കാണപ്പെടാറ്. ചിലർ വെയിലേറ്റും മരണപ്പെടുന്നുണ്ട്. 2022 ലെ ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ കണക്കുകൾ അനുസരിച്ച് 175 നവജാത ശിശുക്കളെ മധ്യപ്രദേശിൽ ജനിച്ചതിന് പിന്നാലെ വലിച്ചെറിയപ്പെട്ടിട്ടുള്ളത്.
