എഐ പണി തുടങ്ങി മക്കളേ… ജോലിയെടുക്കാൻ മനുഷ്യർ വേണ്ട, 4000 തസ്തികകൾ വെട്ടിക്കുറക്കുമെന്ന് ഡിബിഎസ് ബാങ്ക്

ദില്ലി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 4,000 തസ്തികകൾ വെട്ടിക്കുറക്കുമെന്ന് സിംഗപ്പൂരിലെ ഏറ്റവും വലിയ ബാങ്കായ ഡിബിഎസ് രംഗത്ത്. ജീവനക്കാർക്ക് പകരം നിർമിത ബുദ്ധിയെ ഉപയോഗിക്കുമെന്നും ബാങ്ക് അറിയിച്ചു. താൽക്കാലിക, കരാർ ജീവനക്കാരുടെ തസ്തികകളായിരിക്കും ഒഴിവാക്കുക. പദ്ധതി പൂർത്തിയാകുമ്പോൾ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയും. എന്നാൽ നിലവിൽ സ്ഥിരം ജീവനക്കാരെ ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) യുമായി ബന്ധപ്പെട്ട് ഏകദേശം 1,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ഡിബിഎസിന്റെ സ്ഥാനമൊഴിയുന്ന സിഇഒ പീയൂഷ് ഗുപ്ത പറഞ്ഞു. സിംഗപ്പൂരിൽ എത്ര ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി പ്രത്യേകമായി വെളിപ്പെടുത്തിയിട്ടില്ല. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, നിർദ്ദിഷ്ട പ്രോജക്ടുകളിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ 19 വിപണികളിലായി ഏകദേശം 4,000 താൽക്കാലിക/കരാർ ജീവനക്കാരെ ഒഴിവാക്കാൻ എഐ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിബിഎസ് വക്താവ് പറഞ്ഞു. നിലവിൽ, ഡിബിഎസിൽ 8,000 മുതൽ 9,000 വരെ താൽക്കാലിക, കരാർ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഏകദേശം 41,000 പേരാണ് ബാങ്കിനാകമാനമുള്ള ജോലിക്കാർ. കഴിഞ്ഞ വർഷം, ഡിബിഎസ് ഒരു ദശാബ്ദത്തിലേറെയായി എഐ സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തുന്നുണ്ടെന്ന് ഗുപ്ത വെളിപ്പെടുത്തി. മാർച്ച് അവസാനം ഗുപ്ത കമ്പനി വിടും. നിലവിലെ ഡെപ്യൂട്ടി സിഇഒ ടാൻ സു ഷാൻ അദ്ദേഹത്തിന്റെ പിൻഗാമിയാകും. ലോകമെമ്പാടുമുള്ള എല്ലാ ജോലികളിലും ഏകദേശം 40ശതമാനത്തോളം എഐ ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നൽകിയിരുന്നു. എഐ മൊത്തത്തിലുള്ള അസമത്വം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞിരുന്നു.
