എപ്പോഴും പിണക്കം, 2 തവണ വിവാഹം, 4,400 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഭാര്യയെ തിരികെ കൊണ്ടുവന്ന ഭർത്താവ്
പ്രണയത്തിന് വേണ്ടി നിങ്ങൾ എത്ര ദൂരം സഞ്ചരിക്കും? ചൈനയിലെ ഒരാൾ തന്റെ സ്നേഹത്തിന് വേണ്ടി 4,400 കിലോമീറ്ററാണ് സൈക്കിൾ ചവിട്ടിയത്. 100 ദിവസം കൊണ്ടാണ് സൗ തന്റെ യാത്ര പൂർത്തിയാക്കിയത്. ഇനി ആരെ കാണാനാണ് സൗ ഈ യാത്ര നടത്തിയത് എന്നല്ലേ? പിണങ്ങിപ്പോയ ഭാര്യയുടെ അടുത്തേക്കായിരുന്നു യാത്ര. 40 -കാരനായ സൗവും ഭാര്യയും തമ്മിലുള്ള ബന്ധം അല്പം സങ്കീർണമാണ്. ഇടയ്ക്കിടെ പിണങ്ങി അകന്നു കഴിയുക, വീണ്ടും ഒന്നുചേരുക ഇത് അവരുടെ ബന്ധത്തിൽ പതിവായിരുന്നു. എന്തിനേറെ പറയുന്നു, ഒരുതവണ വിവാഹിതരായി പിരിഞ്ഞ ശേഷം രണ്ടാമതും ഇരുവരും വിവാഹം പോലും കഴിച്ചിട്ടുണ്ട്. ഇവർക്ക് രണ്ട് മക്കളും ഉണ്ട്. സൗ തൻ്റെ ഭാര്യ ലിയെ ഷാങ്ഹായിൽ വച്ചാണ് കണ്ടുമുട്ടുന്നത്. 2007 -ൽ ഇരുവരും വിവാഹിതരായി. വിവാഹം അധികനാൾ നീണ്ടുനിന്നില്ല, 2013 -ൽ അവർ വിവാഹമോചനം നേടി. എന്നിരുന്നാലും, പിന്നെയും ഇരുവരും തമ്മിലുള്ള ബന്ധം തുടരുകയും ഇരുവരും വീണ്ടും വിവാഹിതരാവുകയും ചെയ്തു. എന്നാലിപ്പോൾ, കുറച്ചുകാലങ്ങളായി ഇരുവരും അകന്നാണത്രെ കഴിയുന്നത്. സൗ തന്നെ പറയുന്നത്, തങ്ങളുടെ വാശിയും മറ്റും കാരണം ചെറിയ ചെറിയ പ്രശ്നങ്ങൾക്കാണ് തങ്ങളിരുവരും മിക്കവാറും പിണങ്ങുന്നത് എന്നാണ്. എന്തായാലും, പിണങ്ങിപ്പോയ ഭാര്യയോട് കുറേയായി സൗ തിരിച്ചു വരാൻ പറയുന്നുണ്ട്. എന്നാൽ, ലി തമാശയ്ക്ക് പറഞ്ഞത്, താൻ ലാസയിലേക്ക് വണ്ടി കയറാം, അവിടേക്ക് സൈക്കിൾ ചവിട്ടി വരികയാണെങ്കിൽ താൻ കൂടെവരാം എന്നായിരുന്നു. സൗ അത് കാര്യമായി എടുത്തു. അങ്ങനെ ലാസയിലേക്ക് സൗ സൈക്കിൾ ചവിട്ടി. ജിയാങ്‌സു പ്രവിശ്യയിലെ ലിയാൻയുൻഗാങ്ങിൽ സൗ ജൂലൈ 28 -ന് നാൻജിംഗിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ആ യാത്രയിൽ പ്രതിസന്ധികളും ഉണ്ടായിരുന്നു. ആദ്യത്തേത് അൻഹുയി പ്രവിശ്യയിൽ വച്ചായിരുന്നു. അവിടെ വച്ച് അദ്ദേഹത്തിന് സൂര്യാഘാതമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാമത്തേത് ഹുബെയ് പ്രവിശ്യയിലെ യിച്ചാങ്ങിൽ വച്ചായിരുന്നു. അവിടെ ചൂടും നിർജ്ജലീകരണവും കാരണം റോഡിൽ ബോധരഹിതനായി വീഴുകയായിരുന്നു സൗ. എന്തായാലും സൗവിന്റെ ശ്രമങ്ങളൊന്നും വെറുതെയായില്ല. ഒടുവിൽ, ലി സൗവിന്റെ അടുത്തെത്തി. യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചുവെന്നും വീണ്ടും ഒരുമിച്ചു ചേർന്നുവെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.