അമേയ്‌സിംഗ് ഖുറേസിയ’; കേരളത്തെ രഞ്ജി ഫൈനലിലെത്തിച്ച ദ്രോണാചാര്യര്‍

അഹമ്മദാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങാതെ പോയ ഇന്ത്യൻ താരമാണ് രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍റെ മുന്നേറ്റത്തിന് കടിഞ്ഞാൺ പിടിച്ച പരിശീലകൻ അമയ് ഖുറേസിയ. കൊടുങ്കാറ്റ് പോലെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് അമയ് ഖുറേസിയയുടെ വരവ്. 1999ലെ പെപ്സി കപ്പ് മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ അതിവേഗം 57 റൺസടിച്ച് അരങ്ങേറ്റത്തിൽ തന്നെ മധ്യപ്രദേശ് താരമായ ഖുറേസിയ തിളങ്ങി. ആഭ്യന്തര ക്രിക്കറ്റിലെ സിക്സര്‍ വീരന്‍ എന്ന ടാഗ് ലൈനുമായാണ് ഖുറേസിയ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. എന്നാൽ പിന്നീടങ്ങോട്ട് ഖുറേസിയക്ക് അടിതെറ്റുന്നതാണ് ആരാധകര്‍ കണ്ടത്. 1999ൽ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലിടം നേടിയെങ്കിലും ഒരു മത്സരത്തില്‍പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. കരിയറില്‍ 11 ഏകദിനങ്ങൾ കൂടി പിന്നീട് കളിച്ചെങ്കിലും ഒരു അധസെഞ്ചുറി പോലും നേടാതിരുന്ന താരത്തെ സെലക്ടർമാരും കൈവിട്ടു. 2006 വരെ മധ്യപ്രദേശിനായി ആഭ്യന്തര മത്സരങ്ങളിൽ കളിച്ച ഖുറേസിയ പിന്നീട് പരിശീലനത്തിലേക്ക് തിരിഞ്ഞു. രജത്ത് പാട്ടീദാർ, വെങ്കിടേഷ് അയ്യർ, ആവേശ് ഖാൻ എന്നിവരുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഖുറേസിയയെ കഴിഞ്ഞ സെപ്റ്റംബറിലാണ് കേരള ടീം പരിശീലകനായി നിയമിച്ചത്. മുൻ സീസണുകളിൽ തിളങ്ങാതിരുന്ന സൽമാൻനിസാറും മുഹമ്മദ് അസ്ഹറുദ്ദീനും എംഡി നിധീഷും പോലുള്ളവ ഇത്തവണ മിന്നും ഫോമിലേക്ക് ഉയരുമ്പോൾ ക്രെഡിറ്റ് കിട്ടേണ്ടത് കോച്ചിന് തന്നെ. രഞ്ജി ട്രോഫിയിലെ നര്‍ണായക സെമിയിൽ രണ്ട് പുതുമുഖങ്ങൾക്ക് അരങ്ങേറ്റത്തിന് അവസരം നൽകിയും ഖുറേസിയ എല്ലാവരയെും ഞെട്ടച്ചു. ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തുമ്പോള്‍ കേരളം ഒന്നടങ്കം പറയുന്നു,കോച്ച് നിങ്ങൾ അമയ് ഖുറേസിയ അല്ല,അമേസിംഗ് ഖുറേസിയ ആണ്.
