Kerala

കൊയിലാണ്ടിയിൽ ആനൾ ഇടഞ്ഞ് ഉണ്ടായ അപകടം, എഴുന്നള്ളിച്ചതിൽ ഗുരുതര വീഴ്ച; നാട്ടാന പരിപാലന ചട്ടം ലംഘിച്ചെന്ന് മന്ത്രി, കേസെടുക്കും

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ ആനയുടെ ഉടമസ്ഥര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വനം മന്ത്രി എകെ ശശീന്ദ്രന്‍. നാട്ടാന പരിപാലന ചട്ടം ലംഘിച്ചതായി കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി ആനയുടെ ഉടമസ്ഥരായ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം നൽകാന്‍ നിര്‍ദ്ദേശിച്ചു. മൂന്നുപേരുടെ ജീവനെടുക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തിൽ വ്യക്തമായ കൃത്യവിലോപം നടന്നതായാണ് വനം വകുപ്പിന്‍റെ വിലയിരുത്തല്‍. ആനകളുടെ കാലിൽ ഇടച്ചങ്ങലയില്ലായിരുന്നുവെന്നും നാട്ടാന പരിപാലന ചട്ടം ലംഘിച്ചാണ് പടക്കം പൊട്ടിച്ചതെന്നും സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി വനംവകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരവാദികള്‍ക്കെതിരെ കേസ് എടുക്കുമെന്ന് വനം മന്ത്രി വ്യക്തമാക്കി.  വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി ദേവസ്വം ലൈവ് സ്റ്റോക് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് നിര്‍ദ്ദേശിച്ചു. എന്തിനാണ് ഇത്ര ദൂരത്തേക്ക് ആനയെ കൊണ്ടുപോയതെന്ന് ചോദിച്ച കോടതി ആനയുടെ ഭക്ഷണ, യാത്ര രജിസ്റ്ററുകളടക്കമുള്ള രേഖകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ചട്ടങ്ങള്‍ പാലിച്ചാണ് ആനകളെ എഴുന്നളളത്തിന് കൊണ്ടുവന്നതെന്നും കേസ് എടുത്താല്‍ അതിനെ നിയമപരമായി നേരിടുമെന്നും മണക്കുളങ്ങര ക്ഷേത്രം ഭാരവാഹികല്‍ പറ‍ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button