
ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തില്‍ മകൻ വിജയൻ പൊലീസ് കസ്റ്റഡിയിൽ. വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇയാള്‍ സ്ഥിരമായി വധഭീഷണി മുഴക്കിയിരുന്നുവെന്ന് വൃദ്ധ ദമ്പതികളുടെ കൊച്ചുമകന്‍ വിഷ്ണു മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്നും രണ്ട് ദിവസം മുമ്പും വിജയന്‍ മാതാപിതാക്കളെ മര്‍ദിച്ചിരുന്നുവെന്നും വിഷ്ണു പറയുന്നു. ആലപ്പുഴ മാന്നാറില്‍ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വീട് കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ വീടിന് എങ്ങനെ തീപിടിച്ചു എന്നതിനെ കുറിച്ച് വ്യക്തമല്ല. മകനും താമസിച്ച വീടാണ് തീപിടിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. അയൽവാസികളുടെയടക്കം മൊഴിയെടുത്ത് വരികയാണ് പൊലീസ്.
