എതിരെവന്ന ബൈക്ക് ബസിലിടിച്ചു, ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുകയറി, ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോട്ടയം: വൈക്കം വെച്ചൂർ ചേരംകുളങ്ങരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കുടവെച്ചൂർ സ്വദേശി സുധീഷ് (30) ആണ് മരിച്ചത്. എതിരെ വന്ന ബൈക്ക് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു. അപകടത്തിൽ സുധീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. കോട്ടയം – ചേർത്തല ബസ് ആണ് അപകടത്തിൽപ്പെട്ടത്. മരിച്ച സുധീഷിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തൃശൂർ ജില്ലയിൽ രണ്ടിടത്ത് അപകടം. പുത്തൻപീടികയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി അനിൽ രാജന് (36) ആണ് പരിക്കേറ്റത്. പരിക്കേറ്റ അനിലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷന് സമീപം മഴയെ തുടർന്ന് പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. കൊടുങ്ങല്ലൂർ ഷോർണൂർ സംസ്ഥാനപാതയിലാണ് മഴയെ തുടർന്നുണ്ടായ വഴുക്കലിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. വടക്കാഞ്ചേരിയിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫ്ലിപ്കാർട്ട് കൊറിയർ വാനാണ് അപകടത്തിൽപെട്ടത്.
