നടി ഖുശ്ബു സുന്ദർ അറസ്റ്റിൽ
ചെന്നൈ: അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെ തമിഴ്നാട് ബിജെപി വനിതാ നേതാവ് ഖുശ്ബു സുന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിൻ്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധം നടത്തിയത് എന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പേരും ഫോൺ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. നീതി ലഭിക്കും വരെ ഞങ്ങൾ പോരാടുമെന്നായിരുന്നു ഖുശ്ബു നീതി യാത്രക്ക് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞത്. അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
തമിഴ് ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കാലിലുള്ള ചിലമ്പ് അണിഞ്ഞായിരുന്നു യുവ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. ഖുശ്ബുവിന് പിന്നാലെ മറ്റ് നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. ചിലരെ വീട്ടുതടങ്കലിൽ ആക്കിയിട്ടുണ്ടെന്നാണ് വിവരം.