
അമരവിള: തിരുവനന്തപുരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ 118 ഗ്രാം എംഡിഎംയുമായി മൂന്ന് യുവാക്കളെ എക്സൈസ് പിടികൂടി. തിരുവനന്തപുരം കരിപ്പൂർ സ്വദേശി സജു സൈജു(21), ആര്യനാട് സ്വദേശി ആദിത്യൻ(21), പൂവച്ചൽ സ്വദേശി ദേവൻരാജ്(22) എന്നിവരാണ് മയക്കുമരുന്നുമായി അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ അറസ്റ്റിലായത്. വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും കഴക്കൂട്ടത്തേയ്ക്ക് വന്ന സ്വകാര്യ ബസിൽ നിന്നാണ് ഇവരെ പിടികൂടിയത്. സംശയം തോന്നി യുവാക്കളെ പരിശോധിച്ചപ്പോഴാണ് ബാഗിൽ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ബിനോയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ രാധാകൃഷ്ണൻ, ജസ്റ്റിൻ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അലക്സ്, വിപിൻദാസ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വലിയ അളവിൽ എംഡിഎംഎയും കഞ്ചാവുമായി ടെക്നോപാർക്ക് ജീവനക്കാരൻ എക്സൈസ് പിടിയിൽ ആയിരുന്നു. ക്നോപാർക്കിലെ ജീവനക്കാരനായ മിഥുൻ മുരളി(27) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 32 ഗ്രാം എംഡിഎംഎയും, 20 ഗ്രാം കഞ്ചാവും, മയക്കു മരുന്ന് വിറ്റ വകയിൽ നിന്നുള്ള 75,000 രൂപയും പിടികൂടി. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ബി സഹീർഷായും സംഘവും ചേർന്നാണ് മിഥുൻ മുരളിയെ അറസ്റ്റ് ചെയ്തത്.
