ഐപിഎല്ലിൽ വീണ്ടുമൊരു ത്രില്ലര്‍; ലക്ഷ്യത്തിനരികെ കാലിടറി കൊൽക്കത്ത, ലക്നൗവിന് 4 റൺസ് ജയം

കൊൽക്കത്ത: ഐപിഎല്ലിൽ നടന്ന ത്രില്ലര്‍ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 4 റൺസ് വിജയം. 239 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടാനേ സാധിച്ചുള്ളൂ. 61 റൺസ് നേടിയ നായകൻ അജിങ്ക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറര്‍ പവര്‍ പ്ലേയിൽ കൊൽക്കത്ത ആഗ്രഹിച്ച തുടക്കമാണ് ബാറ്റര്‍മാര്‍ നൽകിയത്. ഓപ്പണര്‍മാരായ ക്വിന്‍റൺ ഡീ കോക്ക് – സുനിൽ നരെയ്ൻ സഖ്യം 2.3 ഓവറിൽ 37 റൺസ് കൂട്ടിച്ചേര്‍ത്തു. 15 റൺസുമായി ക്വിന്‍റൺ ഡീ കോക്ക് മടങ്ങിയതോടെ ക്രീസിൽ ഒന്നിച്ച രഹാനെ – നരെയ്ൻ സഖ്യം കൊടുങ്കാറ്റായി. പവര്‍ പ്ലേ അവസാനിക്കുമ്പോൾ തന്നെ ടീം സ്കോര്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 90ൽ എത്തി. പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ നായകൻ റിഷഭ് പന്ത് സ്പിന്നര്‍മാരെ ഇറക്കി നടത്തിയ പരീക്ഷണം വിജയം കണ്ടു. 7-ാം ഓവറിന്റെ രണ്ടാം പന്തിൽ തന്നെ സുനിൽ നരെയ്നെ മടക്കിയയച്ച് ദിഗ്വേഷ് സിംഗ് ലക്നൗവിനെ മത്സരത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നു. വെറും 6 റൺസ് മാത്രമാണ് ഈ ഓവറിൽ കൊൽക്കത്തയ്ക്ക് നേടാനായത്. രവി ബിഷ്ണോയി എറിഞ്ഞ 8-ാം ഓവറിന്റെ രണ്ടാം പന്തിൽ ടീം സ്കോര്‍ 100ൽ എത്തി. 10 ഓവറുകൾ പൂര്‍ത്തിയായപ്പോൾ രഹാനെ-വെങ്കടേഷ് അയ്യര്‍ സഖ്യം ടീം സ്കോര്‍ 130ലേയ്ക്ക് ഉയര്‍ത്തി. 12 ഓവറിൽ കൊൽക്കത്ത 150 കടന്ന് കുതിക്കുമ്പോൾ 26 പന്തിൽ അര്‍ധ സെഞ്ച്വറി പിന്നിട്ട രഹാനെയായിരുന്നു കൂടുതൽ അപകടകാരി. 13-ാം ഓവറിന്‍റെ ആദ്യത്തെ 5 പന്തുകളും വൈഡ് എറിഞ്ഞെങ്കിലും ഓവറിന്‍റെ അവസാന പന്തിൽ രഹാനെയുടെ നിര്‍ണായക വിക്കറ്റ് നേടി ശര്‍ദ്ദൂൽ താക്കൂര്‍ തിരിച്ചടിച്ചു. 14-ാം ഓവറിന്‍റെ അവസാന പന്തിൽ രമൺദീപ് സിംഗ് (1) പുറത്തായി. ഈ ഓവറിൽ വെറും 4 റൺസ് മാത്രമാണ് രവി ബിഷ്ണോയി വഴങ്ങിയത്. അവസാന 6 ഓവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ 73 റൺസ് എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തിയതോടെ മത്സരം ആവേശത്തിലായി. 15-ാം ഓവറിന്‍റെ അവസാന പന്തിൽ അംഗ്ക്രിഷ് രഘുവൻഷിയെ (5) വീഴ്ത്തി ആവേശ് ഖാൻ മത്സരത്തിൽ ലക്നൗവിന് വീണ്ടും മേൽക്കൈ നൽകി. വെറും 7 റൺസ് മാത്രം നേടിയ ഓവര്‍ കൊൽക്കത്തയുടെ റൺ റേറ്റിനെ കാര്യമായി ബാധിച്ചു. ഇതോടെ 5 ഓവറുകളിൽ വിജയലക്ഷ്യം 66 റൺസ് അകലെയായി മാറി. 16-ാം ഓവറിന്റെ രണ്ടാം പന്തിൽ സിക്സറിന് ശ്രമിച്ച വെങ്കടേഷ് അയ്യരുടെ ഷോട്ട് ലോംഗ് ഓണിൽ എയ്ഡൻ മാര്‍ക്രമിന്‍റെ കൈകളിൽ അവസാനിച്ചു. 29 പന്തിൽ 45 റൺസ് നേടിയ വെങ്കടേഷിനെ ആകാശ് ദീപാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറിൽ അപകടകാരിയായ ആന്ദ്രെ റസലിനെ മടക്കിയയച്ച് ശര്‍ദൂൽ താക്കൂര്‍ മത്സരം ലക്നൗവിന് അനുകൂലമാക്കി. 18 ഓവറുകൾ പൂര്‍ത്തിയാകും മുമ്പ് ടീം സ്കോര്‍ 200 കടന്നെങ്കിലും ദിഗ്വേഷ് സിംഗിന്‍റെ ഓവറിൽ വമ്പനടികൾക്ക് റിങ്കു സിംഗിന് സാധിച്ചില്ല. 19-ാം ഓവറിൽ 14 റൺസ് പിറന്നു. ഇതോടെ അവസാന ഓവറിൽ വിജയ ലക്ഷ്യം 24 റൺസ് എന്ന നിലയിലെത്തി. ആദ്യ പന്തിൽ ബൗണ്ടറി നേടിയ ഹര്‍ഷിത് റാണ രണ്ടാം പന്ത് പാഴാക്കുകയും പിന്നാലെ ഒരു സിംഗിൾ നൽകി സ്ട്രൈക്ക് റിങ്കുവിന് കൈമാറുകയും ചെയ്തു. എന്നാൽ 3 പന്തുകളിൽ വിജയിക്കാൻ 19 റൺസ് എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തിയിരുന്നു. രണ്ട് ബൗണ്ടറികളും അവസാന പന്തിൽ സിക്സറും പറത്തിയ റിങ്കു കൊൽക്കത്തയെ ലക്ഷ്യത്തിന് അരികെ വരെ എത്തിച്ചു.
