
ദില്ലി : തൃണമൂൽ കോൺഗ്രസിന്റെ സ്റ്റേറ്റ് കോഡിനേറ്ററായി പി വി അൻവറിനെ നിയമിച്ച മമത ബാനർജി കേരളത്തെക്കാൾ ലക്ഷ്യമിടുന്നത് ബംഗാളിലെ വോട്ടു ബാങ്ക് ഉറപ്പിച്ചു നിറുത്താൻ. കേരളത്തിൽ പോലും ന്യൂനപക്ഷ നേതാക്കൾ തൃണമൂലിലേക്ക് എത്തുന്നുവെന്ന് ബംഗാളിലെ യോഗങ്ങളിൽ മമത ചൂണ്ടിക്കാട്ടും. മൊഹുവ മൊയിത്രയിലൂടെ മുസ്ലിംലീഗ് നേതൃത്വത്തെ സ്വാധീനിച്ച് അൻവറിന് തന്നെ സീറ്റ് വാങ്ങി നൽകാനുള്ള നീക്കം പാർട്ടി നടത്തിയേക്കും. പിവി അൻവറിനെ തൃണമൂൽ കോൺഗ്രസിലേക്ക് പാർട്ടിയിൽ രണ്ടാമനായ അഭിഷേക് ബാനർജിയാണ് ക്ഷണിച്ചത്. മമത ബാനർജിയുമായി പ്രത്യേ കൂടിക്കാഴ്ച ഉണ്ടായില്ല. പശ്ചിമ ബംഗാളിനപ്പുറം വളരുന്നതിനുള്ള തൃണമൂൽ കോൺഗ്രസിന്റെ ലക്ഷ്യം ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ചിലപ്പോഴെങ്കിലും ഫലം കണ്ടത്. ഗോവയിൽ വലിയ നീക്കങ്ങൾ മമത നടതതിയെങ്കിലും പാളി. യുപിയിൽ അഖിലേഷ് യാദവ് മമതയുടെ പാർട്ടിക്ക് ഒരു സീറ്റ് നല്കാൻ തയ്യാറായി. കേരളത്തിൽ പി.വി അൻവറിനെ കോഡിനേറ്റർ ആക്കുമ്പോൾ നിയമസഭയിൽ പാർട്ടിക്ക് ഒരാളെയെങ്കിലും കിട്ടുക എന്നതാണ് പരമാവധി ലക്ഷ്യം. പശ്ചിമ ബംഗാളിലെ പാർട്ടിയുടെ ന്യൂനപക്ഷ വോട്ടു ബാങ്കിന് ഇത്തവണ കോൺഗ്രസ്-സിപിഎം സഖ്യത്തിൽ നിന്ന് ഭീഷണി ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ ഒരു ന്യൂനപക്ഷ നേതാവിനെ പാർട്ടിയിൽ ഇടം നല്കി ബംഗാളിലെ വോട്ടുബാങ്കിന് സന്ദേശം നല്കുക എന്നത് കൂടിയാണ് തൃണമൂൽ ലക്ഷ്യമിടുന്നത്. മത്സരിക്കില്ലെന്ന് അൻവർ പ്രഖ്യാപിച്ചെങ്കിലും മുസ്ലിം ലീഗ് നേതൃത്വവുമായി മൊഹുവ മൊയിത്രയ്ക്കുള്ള നല്ല ബന്ധം ഉപയോഗിച്ച് പാർട്ടി യുഡിഎഫിൻറെ ഭാഗമായി മത്സരിക്കാനുള്ള ചർച്ചകൾ നടത്തും. ബിജെപിക്കെതിരായ പാർട്ടി നീക്കം തന്നെയാണ് കേരളത്തിലും പ്രകടമാകുന്നതെന്നാണ് ടിഎംസി നേതാക്കളുടെ വാദം. ‘എത്ര പറഞ്ഞാലും പഠിക്കാത്തവർ’; റീൽസിനായി ഓടുന്ന ബൈക്കിൽ ദമ്പതികളുടെ പ്രണയചിത്രീകരണം; കേസെടുത്ത് പൊലീസ്, വീഡിയോ രാജ്യസഭ സീറ്റ് ഉൾപ്പടെ ഒരു വാഗ്ദാനവും അൻവറിന് നല്കിയിട്ടില്ലെന്ന് നേതാക്കൾ അറിയിച്ചു. ബംഗാളിൽ 2026നു മുമ്പ് രാജ്യസഭ സീറ്റ ഒഴിവുണ്ടാകില്ല. തല്ക്കാലം കേരളത്തിലേക്ക് അൻവർ വഴി പാർട്ടിയുടെ കടന്നുവരവല്ലാതെ തുടർനീക്കങ്ങളിൽ ധാരണയായിട്ടില്ല, ഗോവയിൽ കൈപൊള്ളിയതിനാൽ കേരളത്തിലും സൂക്ഷിച്ചു നീങ്ങും എന്ന സൂചനയാണ് നേതാക്കൾ നല്കുന്നത്.
