Entertaiment

തിയറ്ററിലും ഒടിടിയിലും കൈയടി; ‘കള്ളനും ഭഗവതിയും’ ഇനി യുട്യൂബില്‍, സ്ട്രീമിംഗ് ആരംഭിച്ചു

തിയറ്ററുകളിലും പിന്നീട് ഒടിടിയിലും പ്രേക്ഷകരുടെ കൈയടി നേടിയ ചിത്രമായിരുന്നു ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രം. 2023 മാര്‍ച്ചില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. പിന്നീട് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിംഗ്. ഇപ്പോഴിതാ ചിത്രം യുട്യൂബിലൂടെ സൌജന്യ കാഴ്ചയ്ക്കും ലഭ്യമായിരിക്കുകയാണ്. ചിത്രത്തിന്‍റെ ഹിന്ദി ഡബ്ബിംഗ് പതിപ്പ് നേരത്തെ യുട്യൂബില്‍ എത്തി മികച്ച കാഴ്ച നേടിയിരുന്നു, പിന്നാലെയാണ് മലയാളം പതിപ്പും യുട്യൂബില്‍ എത്തിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്നലെയായിരുന്നു റിലീസ്. ഇതിനകം 2 ലക്ഷത്തിലധികം കാഴ്ചകള്‍ നേടിയിട്ടുണ്ട് യുട്യൂബില്‍ ഈ ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാത്തപ്പന്‍ എന്ന കള്ളന്‍റെ രസകരമായ കഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം. പാലക്കാടിന്റെ ഹരിതാഭയാർന്ന മനോഹാരിതയും വശ്യത തുളുമ്പുന്ന  ഗാനങ്ങളുമൊക്കെ ചിത്രത്തിന്റെ പ്രത്യേകതയാണ്.  മാത്തപ്പന്‍ എന്ന കള്ളന്‍റെ മുന്നില്‍ ഒരിക്കല്‍ ഭഗവതി പ്രത്യക്ഷപ്പെടുകയാണ്. പിന്നീടുള്ള രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. സലിം കുമാര്‍, പ്രേംകുമാര്‍, ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ, ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ, മാല പാർവ്വതി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ വി അനിൽ എന്നിവർ ചേർന്ന് എഴുതിയിരിക്കുന്നു. അതേസമയം ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ചാന്താട്ടം എന്ന പേരില്‍ അണിയറയില്‍ ഒരുങ്ങുകയാണ്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button