ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലെത്താനുള്ള വഴികളടഞ്ഞോ?, സാധ്യതകള്‍ എന്തൊക്കെ

ചെന്നൈ : ഐപിഎല്‍ പോയന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള ചെന്നൈ സൂപ്പര്‍ കിങ്സിന് ഇനിയും പ്ലേ ഓഫ് സാധ്യതകളുണ്ടോ?.ചെന്നൈയുടെ ഇനിയുള്ള സാധ്യതകള്‍ എങ്ങനെയെന്ന് നോക്കാം. ഇതുവരെ കളിച്ചത് 8 മത്സരങ്ങള്‍. 2 ജയം, 6 തോല്‍വി. ഇതാണ് ചെന്നൈയുടെ അക്കൗണ്ടിലുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്സിന് അത്ര പരിചിതമില്ലാത്ത കണക്കുകളാണിത്.സാധരണയായി സീസണ് ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഏറെക്കുറേ പ്ലേ ഓഫ് ഉറപ്പിക്കുന്ന ടീമാണ് ചെന്നൈ. പക്ഷേ ഇക്കുറി കാര്യങ്ങള്‍ പ്രശ്നമാണ്. മുംബൈയ്ക്കെതിരെ 9 വിക്കറ്റിന്റെ തോല്‍വി കൂടി നേരിട്ടതോടെ ആരാധകര്‍ ആശങ്കയിലാണ്. ക്യാപ്റ്റനായി ധോണി തിരികെയെത്തിയ സീസണില്‍ പ്ലേ ഓഫിലെത്തില്ലേ ടീം ചെന്നൈ.ഇപ്പോഴേ കണക്കുകൂട്ടലിലാണ് ആരാധകര്‍.ശരിക്കും ചെന്നൈയ്ക്ക് പ്ലേ ഓഫ് സാധ്യതയളുണ്ടോ.? ഉണ്ടെന്ന് കണ്ണുംപൂട്ടി പറയാം.കാരണം ചെന്നൈയ്ക്ക് ഇനിയുള്ളത് ആറ് മത്സരങ്ങളാണ്.ആറും ജയിച്ചാല്‍ ചെന്നൈ പ്ലേ ഓഫിലെത്തും. ആറ് മത്സരങ്ങള്‍ കൂടി ജയിച്ചാല്‍ ചെന്നൈയ്ക്ക് 16 പോയന്റാകും.കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിനെത്തിയ ആര്‍സിബിക്ക് 14 പോയന്റെ ഉണ്ടായിരുന്നുള്ളൂ എന്നോര്‍ക്കണം. അതിന് മുമ്പുള്ള സീസണുകളില്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുന്നവര്ക്ക് 16 പോയന്റാണ് സാധരണയായി ഉണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ എല്ലാം ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പ്. റണ്‍റേറ്റിലും ഏറ്റവും പിന്നിലായതിനാല്‍ മികച്ച ജയങ്ങള്‍ വേണ്ടിവരും ടീമിന് മുന്നേറാന്‍. ഹൈദരാബാദ്,പഞ്ചാബ്,ബെംഗളൂരു, കൊല്‍ക്കത്ത,രാജസ്ഥാന്,ഗുജറാത്ത് എന്നീ ടീമുകളുമായായി ചെന്നൈയ്ക്ക് ഇനി മത്സരമുണ്ട്.പക്ഷേ, ഇപ്പോഴത്തെ ഫോമില്‍ ഈ ടീമുകളെ തോല്പിക്കുന്നത് കഠിനമാണ് സിഎസ്കെയ്ക്ക്. സീസണ് പകുതി പിന്നിട്ടിട്ടും പെര്‍ഫെക്ട് പ്ലേയിങ് ഇലവന് കണ്ടെത്താനായിട്ടില്ല ടീമിന്.പക്ഷേ,മുംബൈയ്ക്കെതിരെ ബാറ്റര്‍മാര്‍ ഫോമിലേക്കെത്തിയത് പോസിറ്റീവ് കാര്യമാണ്.യുവതാരം ആയുഷ് മാത്രെ കുറച്ചുനേരം കൂടി ക്രീസില്‍ നിന്നുകിട്ടിയാല്‍ സ്കോര്‍ ഉയരും. അര്‍ധസെഞ്ച്വറി നേടിയ ശിവം ദുബെയും ജഡേജയും പ്രതീക്ഷയാണ്.നിര്‍ണായക സമയത്ത് ധോണിയുടെ തന്ത്രങ്ങള്‍ കൂടി ക്ലിക്കായാല്‍ എതിരാളികളെ നിങ്ങള്‍ കരുതിയിരിക്കൂ. ചെന്നൈ ഉറപ്പായും പ്ലേ ഓഫിലെത്തും. വണ്‍ ടു വണ്‍ എന്നതാണ് ടീമിന്റെ തന്ത്രമെന്ന് ധോണി തന്നെ പ്രതികരിച്ചിരുന്നു.അതായത് ഓരോ മത്സരത്തിനും ഓരോ തന്ത്രം. ടെയില്‍ എന്‍ഡായി ഒരു കഥ കൂടി പറയാം. വര്‍ഷം 2015. കരുത്തരായ മുംബൈ ഇന്ത്യന്‍സ് അവരുടെ ഐപിഎല്‍ സീസണ് തുടക്കമിടുന്നത് തുടര്‍ തോല്‍വികളോടെ. ആദ്യ ഏഴ് മത്സരങ്ങളില്‍ മുംബൈ ജയിച്ചത് രണ്ടെണ്ണം മാത്രം. പോയന്റ് പട്ടികയില്‍ പിന്നില്‍. പക്ഷേ രണ്ടാം പകുതിയില്‍ മുംബൈ കസറി.ഒടുവില്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്പിച്ച് കപ്പെടുത്താണ് മുംബൈ കുതിപ്പ് നിര്‍ത്തിയത്.അന്ന് മുതലാണ് ഈ തോറ്റുതുടങ്ങുന്ന മുംബൈയെ ഭയക്കണമെന്ന ഡയലോഗ് ഹിറ്റായതും.ഇനി ഈ സീസണിലേക്ക് വന്നാല്‍ ചെന്നൈയ്യും ഒരു അഡാറ് തിരിച്ചുവരവ് നടത്തട്ടെ.പ്ലേ ഓഫിന് ചെന്നൈ ഇല്ലാതെ എന്ത് ആഘോഷം. ഈ ആദ്യ പകുതി മോശമായി രണ്ടാം പകുതിയില്‍ കത്തിക്കയറി ബോക്സ് ഓഫീസില്‍ ബ്ലോക് ബസ്റ്ററടിക്കുന്ന ചില മാസ് സിനിമകളെ പോലെ ധോണിയും സംഘവും ഉയര്ത്തെഴുന്നേക്കട്ടെ എന്ന് പ്രത്യാശിക്കാം നമുക്ക്.
