ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ അറസ്റ്റ്, വ്യാജകേസിൽ യുവാവിന് നഷ്ടമായത് 26 വർഷം

ആഗ്ര: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കളവ് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തയാളെ 26 വർഷത്തിന് ശേഷം കോടതി വെറുതെ വിട്ടു. കേസുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ ഉത്തരവ്. പൊലീസ് നടപടിയിൽ ജീവിതം നഷ്ടമായെന്ന് പ്രതികരണവുമായി അനധികൃതമായി അറസ്റ്റിലായ ആൾ. 1999 ജൂലെ 25നാണ് സലീം രാജ്പുത് അറസ്റ്റിലായത്. 20 വയസ് പ്രായമുള്ളപ്പോഴായിരുന്നു അറസ്റ്റ്. മോഷണ വസ്തു ഇയാളുടെ പക്കലുണ്ടെന്നായിരുന്നു അറസ്റ്റിന് കാരണമായി പൊലീസ് വിശദമാക്കിയത്. രണ്ട് മാസം ജയിലിലും പിന്നീട് കഴിഞ്ഞ 26 വർഷത്തോളമായി 200 ലേറെ ഹിയറിംഗിനും ശേഷമാണ് സലീം കുറ്റവിമുക്തനാവുന്നത്. ഫെബ്രുവരി 4ന് ആണ് ഇയാളെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തെളിവുകളുടെ അഭാവത്തിൽ കുറ്റ വിമുക്തനാക്കിയത്. നിലവിൽ അൻപത് വയസിന് അടുത്ത് പ്രായമുള്ള സലീം പൊലീസ് നടപടിയോട് രൂക്ഷമായാണ് പ്രതികരിക്കുന്നത്. വിധിയിൽ ആശ്വാസമുണ്ട്. എന്നാൽ ഈ വിധിയിലേക്ക് എത്തുന്നതിനായി നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നുവെന്നാണ് വ്യാഴാഴ്ച സലീം പ്രതീകരിച്ചത്. വ്യാജ കേസ് ജീവിതം നശിപ്പിച്ചു. കേസ് നടത്തിപ്പിനായി സമ്പാദ്യവും പഠിപ്പും നശിപ്പിക്കേണ്ടി വന്നു. കുട്ടികളുടെ പഠനവും മുടങ്ങി. ജോലി ചെയ്യേണ്ട കാലമത്രയും കോടതിക്ക് പുറകേ പോവേണ്ടി വന്നു. വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ അറസ്റ്റിലായ യുവാവിന് നാലുമക്കളാണ് ഉള്ളത്.
